×

സിഐയുടെ മര്‍ദ്ദനം; മൃതദേഹവുമായി കോണ്‍ഗ്രസുകാര്‍ റോഡ്‌ ഉപരോധിച്ചു

 

തൊടുപുഴ : കല്ലൂര്‍ക്കാട്‌ സ്വദേശി കുളങ്ങാട്ട്‌ പാറ മലമ്പുറത്ത്‌ രതീഷ്‌ (36)
വീടിനുള്ളില്‍ ആത്മഹത്യ ചെയ്‌തു. ഭാര്യയുമായി വേര്‍പിരിഞ്ഞ്‌ താമസിച്ചിരുന്ന രതീഷ്‌ തൊടുപുഴ കുമാരമംഗലത്തുള്ള മറ്റൊരു യുവതിയെ ഒന്നിച്ച്‌ താമസിക്കുകയായിരുന്നു. ഒരാഴ്‌ച്‌ മുമ്പ്‌ ഈ യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‌ അടിമാലി പൊലീസ്‌ ഇവരെ അറസ്റ്റ്‌ ചെയ്യുകയും തൊടുപുഴ പൊലീസിന്‌ കൈമാറുകയും ചെയ്‌തു. യുവതിയെ ബന്ധുക്കള്‍ക്കൊപ്പം പൊലീസ്‌ വിട്ടയച്ചിരുന്നു. തൊടുപുഴ സിഐ മര്‍ദ്ദിച്ചതായി രതീഷ്‌ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.ഞായറാഴ്‌ച രതീഷിന്റെ അമ്മ ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ രതീഷിനെ കണ്ടെത്തി. തുടര്‍ന്ന്‌ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കാനായി എത്തിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. ആര്‍ഡിഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്‌ നടത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടര്‍ന്ന്‌ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

ഇന്നലെ വൈകിട്ട്‌ 4 മണിയോടെ മൃതദേഹം മുവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ തൊടുപുഴ പൊലീസ്‌ സ്റ്റേഷനില്‍ ഇറക്കി വയ്‌ക്കുന്നതിനായി സി പി മാത്യു, റോയി കെ പൗലോസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ കൊണ്ടുവന്നു. എന്നാല്‍ ആംബുലന്‍സ്‌ ഗാന്ധി സ്‌ക്വയറില്‍ വച്ച്‌ ഡിവൈഎസ്‌പി പ്രസാദിന്റെ നേതൃത്വത്തില്‍ തടഞ്ഞു. രണ്ട്‌ മണിക്കൂറോളം നഗരം സ്‌തംഭിച്ചു.
തുടര്‍ന്ന്‌ പ്രതിഷേധക്കാര്‍ ആര്‍ഡിഒയും റേഞ്ച്‌ ഐജിയുമായി നടത്തിയ ചര്‍ച്ചയില്‍ തൊടുപുഴ സിഐ ശ്രീമോനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്റെ പുറത്ത്‌ ഉപരോധം ഇന്നലെ രാത്രി ഏഴ്‌ മണിയോടെ അവസാനിപ്പിച്ചു. മര്‍ദ്ദിച്ചുവെന്ന ആരോപണം വാസ്‌തവിരുദ്ധമാണെന്ന്‌ ഡിവൈഎസ്‌പി ഗ്രാമജ്യോതിയോട്‌ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top