×

400 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് ഇന്ന് 300 സീറ്റില്‍ പോലും മല്‍സരിക്കുന്നില്ല- മോദി

ലോര്‍(രാജസ്ഥാന്‍): ഒരിക്കല്‍ നാനൂറിലേറെ സീറ്റുകള്‍ ജയിച്ച ചരിത്രമുള്ള കോണ്‍ഗ്രസിന് ഇന്ന് തികച്ച്‌ മൂന്നൂറ് സീറ്റില്‍ മത്സരിക്കാനുള്ള ത്രാണി പോലുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആ പാര്‍ട്ടി അസ്ഥിരമാവുകയാണെന്നതിന്റെ തെളിവാണിതെന്ന് രാജസ്ഥാനിലെ ജലോറില്‍ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് മോദി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ ശിക്ഷയാണതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ തവണയും ബിജെപിക്ക് നിങ്ങള്‍ അനുഗ്രഹങ്ങള്‍ തന്നു. ഇത്തവണയും ജലോറിലെ ജനങ്ങള്‍ ഏക് ബാര്‍ ഫിര്‍ മോദി സര്‍ക്കാര്‍ എന്ന് ആരവം മുഴക്കുന്നു. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞ രാജസ്ഥാനിലെ പകുതിയോളം മണ്ഡലങ്ങളില്‍ നിങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചുവെന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസിന് ഒരിക്കല്‍ ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ആവില്ലെന്ന് രാജസ്ഥാനിലെ ദേശഭക്തരായ ജനങ്ങള്‍ക്കറിയാം. അവരുടെ സര്‍ക്കാരുകള്‍ റിമോട്ട് കണ്‍ട്രോളിലാണ് ഓടിയിരുന്നത് 2014ന് മുമ്ബുള്ള അത്തരം സാഹചര്യങ്ങള്‍ മടങ്ങിവരാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല, മോദി പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തെ ഭയന്നാണ് രാജ്യസഭ വഴി പാര്‍ലമെന്റില്‍ കയറിക്കൂടിയതെന്ന് സോണിയയുടെ പേര് പറയാതെ മോദി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം അവര്‍ തന്നെയാണ്. മുമ്ബ് രാജസ്ഥാനില്‍ നിന്ന് നിങ്ങള്‍ മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് അയച്ചു. ഇപ്പോള്‍ മറ്റൊരു നേതാവിനെയും. അവര്‍ക്ക് മത്സരത്തില്‍ ജയിക്കാനാവില്ലെന്ന് നിങ്ങള്‍ക്കറിയാം.

കോണ്‍ഗ്രസ് അറുപത് വര്‍ഷം ഭരണത്തിലിരുന്നു. ഒരിക്കല്‍ നാനൂറ് സീറ്റ് നേടി. പക്ഷേ ഇന്നവര്‍ക്ക് 300 സീറ്റ് തികച്ച്‌ മത്സരിക്കാനാവുന്നില്ല. അവരൊരു അവസരവാദ മുന്നണിയുണ്ടാക്കി. പറക്കും മുമ്ബ് ചിറകുകള്‍ക്ക് ക്ലിപ്പിട്ട അവസ്ഥയിലാണ് ഓരോ പാര്‍ട്ടിയും. പല സംസ്ഥാനങ്ങളിലും അവര്‍ തമ്മില്‍ മത്സരിക്കുകയാണ്, മോദി പറഞ്ഞു.

ബിജെപി രാജ്യം ഭരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ്. ഓരോ വീട്ടിലും, ഓരോ കര്‍ഷകനും മതിയായ അളവില്‍ ജലം എത്തിക്കുക എന്നത് എന്റെ ദൗത്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം 11 കോടിയിലേറെ കുടുംബങ്ങള്‍ ജല്‍ജീവന്‍ മിഷന്റെ ഗുണഭോക്താക്കളായി. ദൗര്‍ഭാഗ്യവശാല്‍ രാജസ്ഥാനിലെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിലും അഴിമതി കാട്ടി.
ഭജന്‍ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സര്‍ക്കാര്‍ അക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കുറി ഹര്‍ ഘര്‍ ജല്‍ എന്ന പദ്ധതി സമ്ബൂര്‍ണമായും നടപ്പാക്കാനാകും, മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top