×

‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍.

ബംഗളുരു: കബാലിക്ക് ശേഷം പാ രജ്ജിത്ത്-രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍. കാവേരി നദീ ജല തര്‍ക്കത്തില്‍ രജനിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം.

ജൂണ്‍ ഏഴിന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഗോവിന്ദ് നിര്‍ദ്ദേശം നല്‍കി. കാവേരി വിഷയത്തില്‍ രജനിയുടെ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ജനത നിരാശരാണെന്നും അതുകൊണ്ട് തന്നെ കാല സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്നും ഗോവിന്ദ് പ്രസ്താവനയില്‍ പറയുന്നു. ചിത്രം റിലീസ് ചെയ്യരുതെന്ന് കാട്ടി വിവിധ സംഘടനകളുടെ പത്തോളം കത്തുകളാണ് ലഭിച്ചതെന്നും ജനങ്ങളുടെ വികാരം പരിഗണിച്ച്‌ കാല പ്രദര്‍ശിപ്പിക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിതരണക്കാരമായി സംഘടന ചര്‍ച്ച നടത്തുന്നതായാണ് വിവരം. നേരത്തെ എസ്‌എസ് രാജമൗലിയുടെ ബാഹുബലിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവേരി വിഷയത്തില്‍ സത്യരാജ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിരുന്നു. പിന്നീട് വിഷയത്തില്‍ സത്യരാജ് ക്ഷമ ചോദിച്ചതിന് ശേഷമാണ് ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിച്ചത്.

നേരത്തെ ഏപ്രില്‍ 27 ന് കാല തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും തമിഴ് സിനിമാ സമരംമൂലം നീട്ടിവെയ്ക്കുകയായിരുന്നു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനികാന്തിന് പുറമെ, സമുദ്രക്കനി, ഈശ്വരി റാവു, നാനാപട്ടേക്കര്‍, ഹുമ ഖുറേഷി, സംപത്ത് രാജ്, അഞ്ജലി പട്ടീല്‍, പങ്കജ് ത്രിപാതി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top