×

അങ്കണവാടി ജീവനക്കാരുടെ സെക്രട്ടറിയേറ്റ്‌ ധര്‍ണ്ണ  21 ന്‌ ; സി കെ നാണു എംഎല്‍എ ഉദ്‌ഘാടനം ചെയ്യും 

തൊടുപുഴ: കേരളത്തിലെ 67,000 ത്തോളം വരുന്ന അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അങ്കണവാടി സ്റ്റാഫ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 21 ബുധനാഴ്‌ച സെക്രട്ടറിയേറ്റ്‌ പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തും.
കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും യഥാക്രമം വര്‍ധിപ്പിച്ച 1500 രൂപയും 750 രൂപയും ഉള്‍പ്പെടെ 11,500 രൂപയും 7500 രൂപയും ലഭ്യമാക്കുക. പതിനായിരത്തോളം വരുന്ന അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക്‌ 1,000, 600 രൂപ യഥാക്രമം മിനിമം 5,000 രൂപയാക്കി വര്‍ധിപ്പിക്കുക. വിരമിക്കല്‍ ആനുകൂല്യം 50,000 രൂപയാക്കുക, സര്‍വ്വീസ്‌ സീനിയോറിട്ടി അടിസ്ഥാനത്തില്‍ ഓണറേറിയം വര്‍ധിപ്പിക്കുക, അമിത ജോലി ഭാരം കുറയ്‌ക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക, ഇഎസ്‌ഐ, പിഎഫ്‌ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സെക്രട്ടറിയേറ്റ്‌ ധര്‍ണ്ണ നടത്തുന്നത്‌.
1991 മുതല്‍ അങ്കണവാടി ജീവനക്കാരുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി കക്ഷി രാഷ്‌ട്രീയത്തിന്‌ അതീതമായി നിലകൊള്ളുന്ന സംഘടനയാണ്‌ അങ്കണവാടി സ്റ്റാഫ്‌ അസോസിയേഷന്‍. 1994 മെയ്‌ ജൂണ്‍ മാസങ്ങളില്‍ സെക്രട്ടറിയേറ്റ്‌ നടയില്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഫലമായി സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി അംങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും 100 രൂപ അധികമായി വര്‍ധിപ്പിച്ചത്‌. സംഘടനയുടെ നിരന്തര ഇടപെടലുകളിലൂടെ പിന്നീട്‌ വന്ന വിവിധ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ പ്രതിഫലം ഇത്രയുമാക്കാന്‍ സാധിച്ചതെന്ന്‌ വര്‍ധിപ്പിച്ചതെന്ന്‌ രമേഷ്‌ ബാബു പറഞ്ഞു. വിവിധ ജില്ലകളിലായി 9,665 അംഗങ്ങളാണ്‌ ഇപ്പോള്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്‌. വര്‍ക്കര്‍മാര്‍ക്ക്‌ ക്ലാസ്‌ – 3 വിഭാഗം ജീവനക്കാരുടേയും, ഹെല്‍പ്പര്‍ക്ക്‌ ക്ലാസ്‌ – ഫോര്‍ വിഭാഗം ജീവനക്കാരുടേയും ശമ്പള നിരക്ക്‌ പ്രാബല്യത്തിലാക്കണമെന്നതാണ്‌ സംഘടനയുടെ അടിസ്ഥാന ലക്ഷ്യം. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട്‌ അനുവദിക്കുമ്പോള്‍ അങ്കണവാടി ജീവനക്കാരുടെ അഭിപ്രായം മാനിച്ച്‌ പദ്ധതികള്‍ നടപ്പിലാക്കണമെന്നും രമേഷ്‌ ബാബു അഭ്യര്‍ത്ഥിച്ചു.
21 ന്‌ നടക്കുന്ന ധര്‍ണ്ണ സി കെ നാണു എംഎല്‍എ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ എസ്‌ രമേഷ്‌ ബാബു അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സി എക്‌സ്‌ ത്രേസ്യാമ്മ (എറണാകുളം), ജനറല്‍ സെക്രട്ടറി അന്നമ്മ ജോര്‍ജ്ജ്‌ (കോട്ടയം) സംസ്ഥാന സെക്രട്ടറിമാരായ ആലീസ്‌ സണ്ണി (ഇടുക്കി), വി ഓമന (പത്തനംതിട്ട), പി സി ശ്യാമള, ഖജാന്‍ജി ഷാലി തോമസ്‌, മിനി മാത്യു, വിന്‍സി ജോസഫ്‌, കെ എസ്‌ ഉഷ, സാറാമ്മ ജോണ്‍, മേരി കുര്യന്‍, എല്‍ജിന്‍ (തിരുവനന്തപുരം) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top