×

സൗദിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് പൊതുമേഖലയിലും ജോലി ചെയ്യാന്‍ അവസരം

റിയാദ്: സൗദിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് പൊതുമേഖലയിലും ജോലി ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫാമിലികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ മാത്രമേ ഡ്രൈവ് ചെയ്യാന്‍ അനുമതിയുള്ളൂ. ഇത് സംബന്ധമായ നിബന്ധനകള്‍ ഗതാഗത വകുപ്പ് പുറത്ത് വിട്ടു.
അടുത്ത ജൂണില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നതോടെ പൊതുഗതാഗത മേഖലയിലും സ്ത്രീകള്‍ക്ക് ഡ്രൈവര്‍ ജോലി ലഭിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

സ്ത്രീകള്‍ ഓടിക്കുന്ന പബ്ലിക് വാഹങ്ങളിലെ യാത്രക്കാര്‍ ഫാമിലികള്‍ ആയിരിക്കണം എന്നതാണ് പ്രധാനപ്പെട്ട നിബന്ധന. ഇതോടൊപ്പം ഡ്രൈവര്‍ സൗദി വനിതയായിരിക്കുക, കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കുക, പകര്‍ച്ചവ്യാധി രോഗങ്ങളോ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരോ അല്ലാതിരിക്കുക എന്നീ നിബന്ധനകളും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നോട്ടു വെച്ചു. വാഹനമോടിക്കാന്‍ അനുമതി ലഭിച്ച നഗരങ്ങളില്‍ മാത്രമേ പൊതുഗതാഗത മേഖലയിലെ വനിതാ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കാന്‍ പാടുള്ളൂ.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. യാത്രക്കാര്‍ പുരുഷന്മാര്‍ മാത്രമാണെങ്കിലും, ഡ്രൈവര്‍ സൗദി അല്ലാതിരുന്നാലും, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ വാഹനം ഓടിച്ചാലും അയ്യായിരം റിയാല്‍ വീതം പിഴ ചുമത്തും. വാഹനത്തിന്‍റെ മുന്‍സീറ്റില്‍ പുരുഷനോ, കുട്ടികളോ ഇരുന്നാല്‍ രണ്ടായിരം റിയാലായിരിക്കും പിഴ.

ഫാമിലികള്‍ക്ക് സഞ്ചരിക്കാനുള്ള പൊതു വാഹനങ്ങള്‍ക്കും പതിനൊന്നു നിബന്ധനകള്‍ ഗതാഗത വകുപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്. ചുരുങ്ങിയത് ഏഴു സീറ്റുള്ള വാഹനം ആയിരിക്കുക, എ.സി ഉണ്ടായിരിക്കുക, വാഹനത്തിനു അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഇല്ലാതിരിക്കുക, ഓണ്‍ലൈന്‍ ട്രാക്കിംഗ് ഡിവൈസ് ഘടിപ്പിക്കുക, ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍സ് മെഷിന്‍ ഉണ്ടായിരിക്കുക തുടങ്ങിയവ ഇതില്‍ പെടും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top