×

നിപ്പാ വൈറസ് വവ്വാലുകളിലൂടെ പകര്‍ന്നതല്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്.

ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്ത വവ്വാലുകള്‍ വഴിയായിരിക്കില്ല നിപ്പാ രോഗം പടര്‍ന്നതെന്നാണ് കേന്ദ്രസംഘം വ്യക്തമാക്കിയത്.

കിണറ്റില്‍ ഉണ്ടായിരുന്ന വവ്വാലുകള്‍ പഴം ഭക്ഷണമാക്കുന്ന വിഭാഗത്തില്‍പെടുന്നവയല്ല. അവ ചെറു പ്രാണികളെ ഭക്ഷണമാക്കുന്നവയാണ്. അതേസമയം, 25ന് പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ അന്തിമ നിഗമനത്തിലെത്താനാവൂ എന്ന് ഇന്നലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘത്തലവന്‍ കേന്ദ്ര മൃഗ സംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍ പറഞ്ഞു.

രോഗബാധിത പ്രദേശത്തുള്ള മൃഗങ്ങള്‍ രോഗ വാഹകരല്ലെന്നാണ് പ്രാഥമിക നിഗമനം. കിണറില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും പിടിച്ച വവ്വാലുകളുടെയും പ്രദേശത്തുള്ള പന്നി, പശു, ആട് എന്നിവയുടെ സ്രവങ്ങള്‍ ഭോപ്പാലിലെ എന്‍ഐഎസ്എച്ച്എഡിയിലേക്ക് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ) അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം ലഭിച്ചാലേ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂ. വൈറസ് ബാധ ഏതു രീതിയിലാണെന്നതിനെകുറിച്ച് കൃത്യമായ നിഗമനത്തിലെത്താനായിട്ടില്ല.

വവ്വാലുകളെ വ്യാപകമായി വേട്ടയാടുന്നതും വെടിവെച്ചകറ്റുന്നതും സ്ഥിതി ഗുരുതരമാക്കാനെ വഴിവെക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരിലെ എസ്ആര്‍ഡിഡിഎല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം.ഡി. വെങ്കിടേഷ്, ഡോ. ഹെഗ്ഡെ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍. എന്‍. ശശി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

അതേസമയം, വൈറസിനെ കുറിച്ച് ആശങ്കവേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി 12 പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 10 പേരാണ് മരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top