×

ലിഗയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്‌റ്റ്‌ ഇന്ന്‌

തിരുവനന്തപുരം: ലാത്വിയന്‍ വനിത ലിഗയുടെ കൊലപാതകത്തില്‍ രണ്ടുപേരുടെ അറസ്‌റ്റ്‌ ഇന്നുണ്ടായേക്കും. പോലീസ്‌ കസ്‌റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്‌, ഉദയന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചതായാണു സൂചന. കഴുത്തുഞെരിച്ചാണു കൊലപ്പെടുത്തിയതെന്നും ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നുമാണു മൊഴി. മയക്കുമരുന്നു നല്‍കി ലിഗയെ പീഡിപ്പിച്ചെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നും പ്രതികള്‍ സമ്മതിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഉമേഷും ഉദയനും പിടിയിലായ വാര്‍ത്ത ‘മംഗള’മാണ്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പ്രദേശവാസികളായ ഇരുവരും ബന്ധുക്കളാണ്‌. ഇവരുടെ പങ്ക്‌ വ്യക്‌തമാകുന്ന തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചെങ്കിലും അവ കൂട്ടിയിണക്കാന്‍ വൈകിയതാണ്‌ അറസ്‌റ്റ്‌ നീട്ടിയത്‌. ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട്‌ ഇന്നു ലഭിക്കും. ലിഗയുടെ സംസ്‌കാരത്തിനുമുമ്ബ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഇന്നു രാവിലെയാണ്‌ ലിഗയുടെ സംസ്‌കാരം.
തുടക്കത്തില്‍ അന്വേഷണസംഘത്തെ കുഴപ്പിക്കുന്ന മൊഴികളാണ്‌ പിടിയിലായവര്‍ നല്‍കിയത്‌. ലിഗയെ കണ്ടിട്ടില്ലെന്നു പറഞ്ഞ ഇവര്‍ പിന്നീട്‌ മൃതദേഹം കണ്ടെന്നു തിരുത്തി. ബോട്ടിങ്ങിനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക്‌ കൊണ്ടുപൊയതെന്ന്‌ ഉദയന്‍ സമ്മതിച്ചിരുന്നു.
ലിഗ രണ്ടുദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ്‌ ഉമേഷും ഉദയനും പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. ലിഗയുടെ കൈയിലുള്ള പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപാതകം നടക്കാനുള്ള സാധ്യതയും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.
അതിനിടെ ലിഗയുടെ സഹോദരി ഇല്‍സി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു സര്‍ക്കാര്‍ നല്‍കിയ പിന്തുണക്കു നന്ദി അറിയിച്ചു. ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ ദുഃഖമുണ്ടെന്നു അവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top