×

കത്വ പീഡനക്കേസ്: വിചാരണ സുപ്രിം കോടതി പഞ്ചാബിലേക്ക് മാറ്റി

ദില്ലി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരബലാത്സംഗത്തിന് വിധേയയാക്കി കൊലപ്പെടുത്തിയ കേസിലെ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റി സുപ്രിം കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് വിചാരണ ജമ്മുകശ്മീരില്‍ നിന്ന് മാറ്റിയിരിക്കുന്നത്. കേസില്‍ രഹസ്യവിചാരണ നടത്തണമെന്നും ദിവസേന വിചാരണ നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലാകും വിചാരണ നടക്കുക.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ കേസിലെ രണ്ട് പ്രതികള്‍ ശക്തമായി എതിര്‍ത്തിരുന്നു. വിചാരണ ചണ്ഡീഗഢിലേക്ക് മാറ്റണമെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടത്. പിതാവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗാണ് ഹാജരായത്.

നേരത്തെ ഏപ്രില്‍ 27 ന് ഹര്‍ജി പരിഗണിച്ച കോടതി കേസിന്റെ വിചാരണ മെയ് ഏഴ് വരെ സ്‌റ്റേ ചെയ്യുകയും ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെക്കുകയുമായിരുന്നു. ജമ്മുകശ്മീരില്‍ നീതിപൂര്‍വ്വകമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവ് വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്വ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തി. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top