×

അയോധ്യ കേസ്: സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: അയോധ്യ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമോ എന്ന കാര്യത്തില്‍ കോടതി വിശദമായി വാദം കേള്‍ക്കും.

ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് മുസ്ലിം
സംഘടനയാണ് ആവശ്യപ്പെട്ടത്. മുസ്ലിം സംഘടനക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ്ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പള്ളി നിര്‍ബ്ബന്ധമല്ലെന്ന് 1994 ല്‍ ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ന്യായത്തില്‍ സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്. ഇതേവിഷയമാണ് അയോധ്യ തര്‍ക്കത്തിലും ഉളളത്. അതിനാല്‍ മുസ്ലിം വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി പള്ളി നിര്‍ബ്ബന്ധമാണോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനം പറയണമെന്നും ധവാന്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ഭരണഘടനാ ബഞ്ചിന്റെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവിറക്കുന്നതില്‍ വിയോജിപ്പില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി. ആദ്യം പരിഗണിക്കുക ഭരണഘടനാ ബഞ്ച് ആവശ്യമാണെന്നും കോടതി പറഞ്ഞിരുന്നു. തര്‍ക്കത്തില്‍ കേസുമായി ബന്ധമില്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് കോടതി ആവര്‍ത്തിച്ചു. കേസില്‍ കക്ഷി ചേരാനായി ഫയല്‍ ചെയ്യപ്പെട്ട മുപ്പത്തിരണ്ടോളം അപേക്ഷകള്‍ കോടതി തള്ളി.

ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യത്തില്‍ മറ്റ് ഹര്‍ജിക്കാരും ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top