×

സി.പി.എമ്മിനെ വെട്ടിലാക്കി ഷംസീറിന്റെ പ്രസ്താവന, ഒഴിഞ്ഞുമാറി പി. ജയരാജന്‍

കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ബന്ധം ശരിവച്ചുകൊണ്ട് നടത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷസീര്‍ എം.എല്‍.എയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി. ഇന്നലെ ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെയാണ് ഷംസീര്‍ ഷുക്കൂര്‍ വധക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന നിഷേധം നടത്തിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഷുഹൈബ് വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ഷുക്കൂറിന്റേത് ആസൂത്രിതമായ കൊലപാതകമല്ലെന്നും ആള്‍ക്കൂട്ടം ആക്രമിച്ചതാണെന്നും പറഞ്ഞത്. അതൊരു ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രമായിരുന്നു. അതിനെ ഞങ്ങള്‍ ന്യായീകരിച്ചിട്ടില്ല. പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞിട്ടുമില്ല എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും ഉള്‍പ്പെടെ പ്രതികളായ ഷുക്കൂര്‍ വധക്കേസില്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം ഇതേവരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. 2012 ഫെബ്രുവരിയിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ആയുധമാക്കുന്നതിനിടെ ഷുക്കൂര്‍ വധവും അവര്‍ എടുത്തുപറയുന്നുണ്ടായിരുന്നു. മാത്രമല്ല, ഷുക്കൂറിന്റെ അനുസ്മരണ ചടങ്ങുകള്‍ എം.എസ്.എഫും യൂത്ത് ലീഗും ഇന്ന് നടത്തിവരികയുമാണ്. ഇതിനിടെയാണ് ഷംസീറിന്റെ പരാമര്‍ശമുണ്ടായത്. മാധ്യമങ്ങളും പ്രതിപക്ഷവും ഇത് ഏറ്റെടുക്കുകയും ചെയ്തു. ഷംസീറിന്റെ പരാമര്‍ശത്തെ കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ഞാനത് കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതികരണം അദ്ദേഹത്തോട്തന്നെ ചോദിക്കൂ എന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞത്. പ്രതികരിക്കാന്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗമായ ഇ.പി. ജയരാജന്‍ എം.എല്‍.എയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.വി.ജയരാജനും തയ്യാറായില്ല.
മൂടുപടം അഴിഞ്ഞുവീഴും: കെ.സുധാകരന്‍
കണ്ണൂര്‍: സി.പി.എം നിരന്തരം ലജ്ജയില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന കാപട്യത്തിന്റേയും കള്ളത്തരത്തിന്റേയും മൂഖുപടം എന്നെങ്കിലും അഴിഞ്ഞുവീഴുമെന്നും സത്യം പുറത്തുവരുമെന്നതിന്റേയും തെളിവാണ് ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് എ.എന്‍.ഷംസീര്‍ നടത്തിയ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് രാഷട്രീയകാര്യ സമിതി അംഗം കെ. സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലയുമായി ബന്ധപ്പെട്ടും സി.പി.എം ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇതാണ്. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന്. സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന കൊല്ലും കൊലയും എല്ലായിപ്പോഴും മൂടിവെക്കാന്‍ കഴിയില്ല. ഇന്ന് നിഷേധിക്കുന്ന കാര്യങ്ങള്‍ നാളെ അംഗീകരിക്കുക എന്നത് സി.പി.എമ്മിന്റെ സംസ്കാരമാണ്. അതാണ് ഷുക്കൂര്‍ വധക്കേസില്‍ ഇപ്പോള്‍ കണ്ടതും നാളെ ഷുഹൈബ് വധക്കേസില്‍ കാണാനിരിക്കുന്നതും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top