×

2.80 കോടി കുടിശികയുള്ള വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു;

വില്‍പ്പന നികുതി കുടിശിക അടയ്ക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയ പത്തനംതിട്ട മേലേവെട്ടിപ്രം കാവുകണ്ടത്തില്‍ ട്രേഡേഴ്സിലെ പി.ബി. രാജീവിനെയാണ് ജില്ലാ മജിസ്ട്രേട്ടും ജില്ലാ കലക്ടറുമായ ആര്‍. ഗിരിജയുടെ ഉത്തരവു പ്രകാരം തിരുവനന്തപുരം പൂജപ്പുര സിവില്‍ ജയിലില്‍ അടച്ചത്. ജില്ലാ കലക്ടര്‍ വാദം കേട്ട ശേഷമാണ് ജയിലിലേക്ക് അയച്ചത്. നികുതി കുടിശിക അടയ്ക്കുന്നപക്ഷം രാജീവിനെ മോചിപ്പിക്കും. അല്ലാത്തപക്ഷം രണ്ടുവര്‍ഷം തടവ് അനുഭവിക്കണം. റവന്യു റിക്കവറി നിയമത്തിലെ സെക്ഷന്‍ 65 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.

12 കേസുകളിലായി 2,80,72,687 രൂപയാണ് വില്‍പ്പന നികുതി കുടിശികയായി രാജീവ് അടയ്ക്കാനുള്ളത്. 2015ലാണ് രാജീവിനെതിരേ ജില്ലാ കലക്ടര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍, പൊലീസില്‍ പിടി കൊടുക്കാതെ കഴിയുകയായിരുന്നു ഇയാള്‍.അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിനു മുന്‍പ് നേരിട്ട് ഹാജരായി സ്വന്തം ഭാഗം ബോധിപ്പിക്കുന്നതിന് അവസരം നല്‍കിയിരുന്നെങ്കിലും ഹാജരാകുന്നതിനോ, തന്റെ ഭാഗം വിശദീകരിക്കുന്നതിനോ രാജീവ് തയാറായില്ല. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നോട്ടീസ് വീടിന്റെ ഭിത്തിയില്‍ പതിച്ചു മടങ്ങി. നികുതി കുടിശികയില്‍ ഇളവു ലഭിക്കുന്നതിന് വില്‍പ്പന നികുതി വിഭാഗത്തില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള അവസരവും രാജീവ് വിനിയോഗിച്ചില്ല.

പൊലീസിനെ വെട്ടിച്ചു നടക്കുന്നതും നികുതി അടയ്ക്കുന്നതില്‍ മനഃപൂര്‍വം വീഴ്ചവരുത്തുന്നതുമായ സാഹചര്യം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി ഡോ. സതീഷ് ബിനോയെ ജില്ലാ കലക്ടര്‍ വിവരം അറിയിച്ചതു പ്രകാരം ഷാഡോ പൊലീസ് നടത്തിയ പരിശോധനയിലാണ് രാജീവ് പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതിനെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന രാജീവിനെ ഇന്നലെ രാവിലെ ജില്ലാ കലക്ടറുടെ ചേംബറില്‍ ഹാജരാക്കി. വില്‍പ്പന നികുതി കുടിശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ടു ഹാജരായി സ്വന്തം ഭാഗം ബോധിപ്പിക്കുന്നതിനുള്ള അവസരം താന്‍ പ്രയോജനപ്പെടുത്തിയില്ലെന്ന് രാജീവ് ജില്ലാ കലക്ടര്‍ മുന്‍പാകെ പറഞ്ഞു. ഇതേ തുടര്‍ന്ന് ജയിലിലേക്ക് രാജീവിനെ അയയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ റവന്യു റിക്കവറി നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top