×

ആദര്‍ശ് സൊസൈറ്റി കെട്ടിടം പൊളിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏറെ വിവാദം സൃഷ്ടിച്ച ആദര്‍ശ് കോ – ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി കെട്ടിടം പൊളിക്കണമെന്ന മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി തടഞ്ഞു. കെട്ടിടം കേന്ദ്രസര്‍ക്കാരിന് കൈമാറാനും കോടതി ഉത്തരവിട്ടു.

കെട്ടിടം പൊളിക്കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് മുംബൈ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ആദര്‍ശ് സൊസൈറ്റി നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി.

തീരസംരക്ഷണച്ചട്ടപ്രകാരം അനുമതിയില്ലാത്ത കെട്ടിടം പൊളിക്കാന്‍ 2011-ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സൊസൈറ്റി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. അന്ന് സൊസൈറ്റിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് അഴിമതിയുടെ പ്രതീകമായ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകള്‍ക്ക് ഫ് ളാറ്റ് നിര്‍മിക്കാന്‍ രൂപവത്കരിച്ച ആദര്‍ശ് സൊസൈറ്റി പിന്നീട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൈയടക്കുകയായിരുന്നു. മുംബൈയിലെ നാവികാസ്ഥാനത്തിന് സമീപം സമ്ബന്നരുടെ ആവാസകേന്ദ്രമായ കഫ് പരേഡിലാണ് കെട്ടിടം പണിതത്. 30 മീറ്റര്‍ ഉയരത്തില്‍ ആറുനില കെട്ടിടം പണിയാനായിരുന്നു തീരുമാനം.ഉന്നതര്‍ സ്വാധീനിച്ച്‌ ഇത് 104 മീറ്റര്‍ ഉയരമുള്ള 31 നില കെട്ടിടമാക്കി മാറ്റി. വിപണിവിലയില്‍ നിന്നു ഏറെ താഴ്ന്നനിരക്കില്‍ പ്രമുഖര്‍ ഇവിടെ ഫ് ളാറ്റ് സ്വന്തമാക്കുകയും ചെയ്തു .

വിലാസ് റാവു ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍ എന്നീ മൂന്നു കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരും അഴിമതി ആരോപണം നേരിട്ടിരുന്നു. എന്നാല്‍, കേസ് അന്വേഷിച്ച സി.ബി.ഐ. അശോക് ചവാനെ മാത്രമാണ് പ്രതിയാക്കിയത്. വിലാസ് റാവു ദേശ് മുഖ് മന്ത്രിസഭയില്‍ ചവാന്‍ റവന്യൂമന്ത്രിയായിരിക്കെയാണ് കെട്ടിടം പണിതത്. പിന്നീട് മുഖ്യമന്ത്രിയായപ്പോഴാണ് ആരോപണം പുറത്തുവന്നത്. ഇതേതുടര്‍ന്ന് ചവാന് മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടു. ചവാന്റെ മൂന്നു ബന്ധുക്കള്‍ക്ക് ഇവിടെ ഫ്ളാറ്റ് ലഭിച്ചിരുന്നു. ഇവര്‍ പിന്നീട് സൊസൈറ്റിയില്‍ നിന്ന് രാജിവെച്ചു. ചവാന് പുറമേ 12 പേര്‍ കൂടി ഈ കേസില്‍ പ്രതികളാണ്.

 

 

കേസന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയും നടപടികളുണ്ടാകുകയും ചെയ്തതോടെ താമസിക്കാനുള്ള അനുമതി സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ പിന്‍വലിച്ചു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി, വെള്ളം എന്നിവ നല്‍കുന്നതും നിര്‍ത്തി വെച്ചു. ഇതിനെയും സൊസൈറ്റി അഭിഭാഷകന്‍ നവറോസ് സീര്‍വായ് ചോദ്യംചെയ്തിരുന്നു. കോര്‍പ്പറേഷന്‍ നടപടി ശരിവെച്ച കോടതി പിന്നീട് സൊസൈറ്റി മാനേജിങ് കമ്മിറ്റി ഓഫീസില്‍ മാത്രം വൈദ്യുതിയും വെള്ളവും നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.

കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി കേന്ദ്ര പ്രതിരോധ മന്ത്രാലയവും സംസ്ഥാനസര്‍ക്കാറും തമ്മില്‍ തര്‍ക്കമുണ്ട്. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നടന്നുവരികയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top