×

ശിവശങ്കര്‍ പദ്ധതിയിട്ടത് സ്വയം വിരമിക്കല്‍ എടുത്ത ഇന്ത്യ വിടാന്‍ ; യുഎഇയില്‍ സ്ഥിരതാമസമാക്കി ബിസിനസും നടത്തി ജീവിക്കാന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വിദേശത്ത് ഫ്ളാറ്റ് വാങ്ങാന്‍ സ്വപ്‌നയെ ചുമതലപ്പെടുത്തിയിരുന്നതായും ഭാവിയില്‍ ജോലി ഉപേക്ഷിച്ചു ഇന്ത്യ വിടാന്‍ പദ്ധതിയിട്ടിരുന്നതായും ഇ.ഡി.

ജോലിയില്‍ നിന്നും സ്വയം വിരമിക്കല്‍ എടുത്ത ശേഷം ദുബായിലേക്ക് പൂര്‍ണ്ണമായും മാറാനും അവിടെ റസിഡന്‍സി വിസ എടുത്ത് ബിസിനസോ മറ്റോ നടത്തി ജീവിക്കാനുമായിരുന്നു പദ്ധതിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴിയെ ഉദ്ധരിച്ച്‌ ഇ.ഡി ഹാജരാക്കിയ മൊഴിപ്പകര്‍പ്പില്‍ പറയുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍ സാബിയുമായി ചേര്‍ന്ന് ബിസിനസ് നടത്താനായിരുന്നു ഉദ്ദേശം.

സ്റ്റാര്‍ട്ടപ് മിഷന്‍ വഴി കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കമ്ബനി നിര്‍മിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ നയതന്ത്ര ചാനല്‍ വഴി മിഡില്‍ ഈസ്റ്റില്‍ എത്തിക്കാനും അവിടെ വിതരണം ചെയ്യാനുമായിരുന്നു പദ്ധതി. മധ്യപൂര്‍വദേശത്തു ഉപകരണങ്ങളുടെ വിതരണാവകാശം ജമാല്‍ അല്‍ സാബിക്ക് മാത്രമായിരിക്കും. അമേരിക്കയില്‍ നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറച്ച്‌ ഉപകരണങ്ങള്‍ ഇവിടെ നിര്‍മിക്കാമെന്നതായിരുന്നു ആകര്‍ഷണം.

ദുബായില്‍ വാങ്ങാന്‍ ഫഌറ്റ് കണ്ടെത്താന്‍ സ്വപ്‌നാ സുരേഷിനെയാണ് ചുമതലപ്പെടുത്തിയത്. താമസ വിസ തരപ്പെടുത്താനായിരുന്നു ദുബായില്‍ ഫഌറ്റ് വാങ്ങല്‍. പിന്നീട് സ്ഥിരതാമസം ആക്കുമ്ബോള്‍ അത് ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ശിവശങ്കറിനു തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്‍പ്പെടെ പല കമ്ബനികളിലും ഓഹരി പങ്കാളിത്തമുണ്ടെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

ഇതേ മൊഴിയില്‍ വിദേശത്ത് ബിസിനസ് നടത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടതായും പറഞ്ഞിട്ടുണ്ട്. വിദേശത്തു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടെന്നും ഇതിനായി സൗജന്യഭൂമി ലഭിക്കാന്‍ ഷാര്‍ജാ ഭരണാധികാരിയുമായി അദ്ദേഹം കേരളത്തില്‍വച്ചു ചര്‍ച്ച നടത്തിയെന്നുമാണു സ്വപ്‌നയുടെ മൊഴി.

എം. ശിവശങ്കറുമായുള്ള സ്വപ്‌ന സുരേഷിന്റെ വാട്‌സാപ് ചാറ്റ് കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണു ഇരുവരും ശ്രീരാമകൃഷ്ണനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ നല്‍കിയത്. പൊന്നാനി സ്വദേശി ലഫീര്‍ എന്ന വ്യക്തിയെ ചാറ്റില്‍ പരാമര്‍ശിച്ചിരുന്നു. ലഫീറിന്റെ ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങുകയായിരുന്നു സ്പീക്കറുടെ ലക്ഷ്യം.

ഇതിനായി സൗജന്യഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ക്കു വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.

എന്തിനാണു സ്പീക്കര്‍ ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിനു മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. ഷാര്‍ജയിലെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണു മികച്ചയാളെന്നു സ്പീക്കര്‍ പറഞ്ഞതായും മൊഴിയിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top