×

മത സ്പര്‍ദ്ധ ‘ഗോമാതാ ഉലത്ത് – റോസ്റ്റ് “- രഹ്ന ഫാത്തിമ യ്ക്ക് കോടതി വിലക്കേര്‍പ്പെടുത്തി – അറസ്റ്റിലായിട്ടും പെരുമാറ്റത്തില്‍ മാറ്റമില്ല – ഹൈക്കോടതി

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ വിചാരണ കഴിയുന്നത് വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രഹ്നയുടെ യുട്യൂബ് ചാനലില്‍ ‘ഗോമാതാ’ ഉലര്‍ത്ത് എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

മനപ്പൂര്‍വ്വം മത സ്പര്‍ദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമര്‍ശമെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണ് രഹ്നയ്‌ക്കെതിരെ പുതിയ ഹര്‍ജി നല്‍കിയത്. 2018 ല്‍ സമൂഹമാധ്യമങ്ങള്‍ വഴി മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസില്‍ തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നു കാണിച്ചാണ് ബി.രാധാകൃഷ്ണ മേനോന്‍ ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് സുനില്‍ തോമസാണ് രഹ്നയെ വിലക്കിയിരിക്കുന്നത്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നും കോടതി ഹര്‍ജി തീര്‍പ്പാക്കി കൊണ്ട് പറഞ്ഞു. ഗോമാതാ ഉലര്‍ത്ത് അഥവാ ഗോമാതാ റോസ്റ്റ് എന്ന പേരിലാണ് രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ് ലോഡ് ചെയ്തത്. ഷോയില്‍ റെസിപ്പി അവതരിപ്പിക്കുന്നതിനിടെ, മാംസത്തെ പലതവണ ഗോമാതാ എന്നാണ് വിശേഷിപ്പിച്ചത്. മനഃപൂര്‍വമായാണ് ഇത്തരത്തില്‍ മാംസത്തെ ഗോമാതാവെന്ന് വിശേഷിപ്പിച്ചതെന്ന് ബി.രാധാകൃഷ്ണ മേനോന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനു പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു ഹൈക്കോടതി വിലക്കിയത്്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നു പറഞ്ഞാണ് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്. രണ്ട് കേസില്‍ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ല.

 

ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷ. നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്നത് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top