×

സെക്രട്ടറി പദം ഒഴിയാമെന്ന് കോടിയേരി അറിയിച്ചു ?; വേണ്ട. ഒഴിയേണ്ട കാര്യമില്ലെന്ന് കേന്ദ്ര നേതൃത്വവും പിണറായിയും

തിരുവനന്തപുരം : മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാല്‍സംഗകേസ് ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സൂചന. ബിനോയിക്കെതിരായ പരാതി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ സെക്രട്ടറി പദത്തില്‍ നിന്നും മാറിനില്‍ക്കാമെന്നാണ് കോടിയേരി പാര്‍ട്ടി കേന്ദ്രനേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചത്.

രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി എകെജി സെന്ററില്‍ രഹസ്യ ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചയിലും കോടിയേരി മാറിനില്‍ക്കാനുള്ള സന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാല്‍ പിണറായി വിജയന്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

കോടിയേരി സെക്രട്ടറി പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതിനോട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിലും അനുകൂല സമീപനമല്ലെന്നാണ് സൂചന. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടറി പദവിയില്‍ നിന്നും മാറുന്നത് കുറ്റം സമ്മതിച്ചതിന് തുല്യമാകും. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖനായ എം വി ഗോവിന്ദനും വിവാദത്തിലകപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണം എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള ചെയര്‍പേഴ്‌സണായിട്ടുള്ള നഗരസഭയുടെ നിഷേധാത്മക നിലപാടിനെ തുടര്‍ന്നാണെന്നാണ് ആക്ഷേപം. സംഭവത്തില്‍ പി കെ ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്ന് കണ്ണൂരിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top