×

സാമ്പത്തിക ക്രമക്കേട്‌;  വെള്ളാപ്പള്ളിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ വിദ്യാസാഗര്‍ 

തൊടുപുഴ : വെളളാപ്പളളി നടേശന്റെ ഒത്താശ ഇല്ലാതെ തൊടുപുഴ എസ്‌.എന്‍.ഡി.പി യൂണിയനില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന വ്യാപ്‌തിയിലുളള സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുകയില്ലെന്നുളളത്‌ പകല്‍പോലെ സ്‌പഷ്‌ടമാണെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡണ്ട അഡ്വ. സി.കെ. വിദ്യാസാഗര്‍ പറഞ്ഞു. യൂണിയന്റെ മാസാന്ത്യ കണക്കുകള്‍ യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വരുത്തി പരിശോധിക്കുന്നതും, വാര്‍ഷിക കണക്കുകള്‍ പരിശോധിച്ച്‌ ഓഡിറ്റ്‌ റിമാര്‍ക്കുകള്‍ സഹിതം യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിക്കുവാന്‍ വേണ്ടി അംഗീകരിച്ച്‌ കൊടുക്കുന്നതും യോഗം ജനറല്‍ സെക്രട്ടറിയാണ്‌. യോഗം ബൈലോ വ്യവസ്ഥകള്‍ പ്രകാരമുളള അധികാരങ്ങള്‍ വിനിയോഗിച്ച്‌ യൂണിയന്‍ ഭരണത്തിന്‌ മേല്‍ നോട്ടം വഹിക്കുവാന്‍ ഇന്‍സ്‌പെക്‌ടിംഗ്‌ ഓഫീസേഴ്‌സിനെ നിയമിച്ച്‌ വിടുന്നതും വെളളാപ്പളളി നടേശനാണ്‌. 3 കോടിയോളം രൂപയുടെ അപഹരണം നടത്തിട്ടുണ്ടെങ്കില്‍ ആയത്‌ വെളളാപ്പളളി നടേശന്റെ അറിവോടെയും പങ്കാളിത്തത്തോടെയും മാത്രമേ നടക്കുകയുളളു. അതുകൊണ്ട്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസില്‍ വെളളാപ്പളളിയെ കൂടി പ്രതി ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
1980 മുതല്‍ രണ്ട്‌ പതിറ്റാണ്ട്‌ കാലം കൊണ്ട്‌ യൂണിയന്‍ പടുത്തുയര്‍ത്തിയ കഞ്ഞിക്കുഴിയിലെ ഹൈസ്‌കൂളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും, പ്ലസ്‌ റ്റൂ സ്‌കൂളും മറ്റും മാനേജരായി ഭരിക്കുവാന്‍ കണിച്ച്‌കുളങ്ങരയില്‍ നിന്നും ഉളള തന്റെ കൈക്കാരനെ ഇപ്പോള്‍ മാനേജരായി നിയമിച്ചിരിക്കുന്നതും ദുരുദ്ദേശത്തോടെയാണ്‌. ആ സ്‌കൂളുകളില്‍ നിലവിലുളള അദ്ധ്യാപക ഒഴിവുകള്‍ കച്ചവടം ചെയ്‌ത്‌ കൊണ്ട്‌ പോകുന്നതിന്‌ വേണ്ടിയാണ്‌ പുതിയ മാനേജരെ നിയമിച്ചിരിക്കുന്നത്‌ എന്ന കാര്യം തൊടുപുഴ യൂണിയന്‍ പ്രവര്‍ത്തകര്‍ തിരിച്ചറിയണം.
യോഗത്തിലെയും, എസ്‌.എന്‍.ട്രസ്റ്റിലേയും നിയമനങ്ങളില്‍ നിന്നും അടിച്ച്‌ മാറ്റിയ കോടികള്‍ പോരാഞ്ഞിട്ട്‌ തൊടുപുഴ യൂണിയനില്‍ നിന്നും കിട്ടുന്നതെല്ലാം അടിച്ച്‌ മാറ്റുവാനുളള ശ്രമങ്ങള്‍ എതിര്‍ത്ത്‌ പരാജയപ്പെടുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന യൂണിയനുകളില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം നടത്തി ആന കരിമ്പിന്‍ കാട്ടില്‍ കയറിയത്‌പോലെ അവശേഷിപ്പിക്കുന്ന തന്ത്രം വെളളാപ്പളളി പല യൂണിയനുകളില്‍ ഇതിന്‌ മുമ്പും നടപ്പാക്കിയിട്ടുളളതാണെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top