×

ചോദ്യം ചെയ്യലില്‍ പരാതി വ്യാജമെന്ന് പറഞ്ഞ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

കൊച്ചി: വിദേശത്തുനിന്ന് അനധികൃതമായി പണം കൊണ്ടുവന്നു എന്ന പരാതിയുമായി ബന്ധപ്പെട്ട് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മൂന്നുമണിക്കൂറോളം വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമെന്ന വാദമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനൊപ്പം ഉണ്ടായിരുന്നു.

മുന്നൂവര്‍ഷം മുമ്ബ് വിദേശത്ത് നിന്ന് എത്തിയപ്പോള്‍ വന്‍തോതില്‍ ഹവാല പണം വെള്ളാപ്പള്ളിയുടെ കൈവശം ഉണ്ടായിരുന്നു എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. ഐടി റിട്ടേണ്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ എന്നിവ വെള്ളാപ്പള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ 500 കോടി രൂപയുടെ ആരോപണം 2014ല്‍ ഉയര്‍ന്നിരുന്നു. എസ്‌എന്‍ഡിപി യോഗം നേതാവ് തന്നെയായ കിളിമാനൂര്‍ ചന്ദ്രബാബുവാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. 12 വര്‍ഷക്കാലം എസ്‌എന്‍ ട്രസ്റ്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും എസ്‌എന്‍ഡിപി യോഗം തിരുവനന്തപുരം യൂണിയന്‍ സെക്രട്ടറിയുമായ കിളിമാനൂര്‍ ചന്ദ്രബാബു അന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളിയുടെ സ്വത്തിനെക്കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്നും ചന്ദ്രബാബു പറഞ്ഞു.

അന്ന് എസ്‌എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടക്കാനിരിക്കെയാണ് യോഗത്തില്‍ വന്‍ ചര്‍ച്ചയാകുന്ന ആരോപണം കിളിമാനൂര്‍ ചന്ദ്രബാബു ഉയര്‍ത്തിയത്. എസ്‌എന്‍ ട്രസ്റ്റ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ കുടുംബ സ്വത്താണെന്നും കോളേജ്, പ്ലസ്ടു, സ്‌കൂള്‍ നിയമനങ്ങളിലൂടെ മാത്രം നേടിയ 500 കോടിയോളം രൂപയുടെ കണക്ക് എസ്‌എന്‍ ട്രസ്റ്റില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയുടെ സ്വത്തിനെക്കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്നും കിളിമാനൂര്‍ ചന്ദ്രബാബു ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതോടൊപ്പം വിദേശ രാജ്യങ്ങളില്‍ വെള്ളാപ്പള്ളിക്കും കുടുംബത്തിനും കോടികളുടെ നിക്ഷേപം ഉണ്ടെന്ന ആരോപണവും ചന്ദ്രബാബു ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലും അഞ്ചു വിദേശ രാജ്യങ്ങളിലുമായി വെള്ളാപ്പള്ളിയുടെ കുടുംബം കോടികള്‍ വിവിധ രീതികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു ആക്ഷേപം. ഇത്തരത്തില്‍ പല സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന ആക്ഷേപങ്ങളും വെള്ളാപ്പള്ളി നടേശന്റെ ഇടപാടുകളും പരിശോധിച്ചാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യല്‍ എന്നാണ് ലഭിക്കുന്ന സൂചനകള്‍. സമീപകാലത്ത് നടന്ന വന്‍കിടക്കാരുടെ സാമ്ബത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top