×

പിണറായിയുമായുള്ള കൂടിക്കാഴ്‌ചയില്‍ രാഷ്ട്രീയക്കാരനായ മോദിയുടെ ചോദ്യങ്ങള്‍ ഇങ്ങനെ

ചര്‍ച്ചകളെല്ലാം കഴിഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി തിരിച്ചൊരു നിവേദനവും നല്‍കി. അത് കൈമാറിയ രീതിയിലുമുണ്ട് രാഷ്ട്രീയം. നേരത്തേ കരുതിവെച്ചിരുന്ന ഒരു ഫയല്‍ മുഖ്യമന്ത്രിക്കുനല്‍കി പ്രധാനമന്ത്രി പറഞ്ഞു: ‘ഇതുഞാന്‍ പ്രതിപക്ഷനേതാവിന് കൊടുക്കുന്നില്ല. പത്രക്കാരോടും പറയുന്നില്ല. മുഖ്യമന്ത്രിക്കുമാത്രം നല്‍കുകയാണ്.’ അങ്ങനെ പരസ്യമായൊരു രഹസ്യനിവേദനം! കേരളം ഇനി ഏറ്റെടുത്ത് നടപ്പാക്കേണ്ട പദ്ധതികളുടെ വിവരങ്ങളാണ് അതിലുള്ളതെന്നും കേന്ദ്രം നല്‍കിയ സഹായങ്ങളുടെ കണക്കാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് അതോടെ കളമൊരുങ്ങി.

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് നേരത്തേ തറക്കല്ലിട്ടിരുന്നതും സ്ഥലം കൈമാറിയതും ചൂണ്ടിക്കാട്ടി അത് ഉപേക്ഷിക്കരുതെന്ന് സര്‍വകക്ഷിസംഘം ആവശ്യപ്പെട്ടപ്പോള്‍, തെരഞ്ഞെടുപ്പ് അടുത്തപ്പോഴായിരിക്കും ശിലയിട്ടിട്ടുണ്ടാവുകയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പുവരുമ്പോള്‍ അങ്ങനെ പലയിടങ്ങളിലും ചെയ്യാറുണ്ട്. പഞ്ചാബിലും രാജസ്ഥാനിലുമെല്ലാം അതുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി പലതവണ പരാമര്‍ശിച്ചതും ശ്രദ്ധേയമായി. എപ്പോഴാണ് അമേരിക്കയില്‍നിന്ന് തിരിച്ചുവന്നതെന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രിയെ അദ്ദേഹം സ്വീകരിച്ചത്. സന്ദര്‍ശനം എങ്ങനെയുണ്ടായിരുന്നുവെന്ന കുശലാന്വേഷണത്തിനുശേഷം മറ്റുവിഷയങ്ങളിലേക്ക് കടന്നു.പിന്നീട് വെള്ളപ്പൊക്കത്തെക്കുറിച്ചും സഹായത്തെക്കുറിച്ചുമുള്ള ചര്‍ച്ചയിലേക്ക് കടന്നപ്പോഴും പ്രധാനമന്ത്രി അമേരിക്ക എടുത്തിട്ടു. തന്റെ ഓഫീസില്‍ നിരന്തരമായി കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ വാര്‍ത്തകള്‍ എത്തിയിരുന്നു. മഴക്കെടുതിയുടെ സമയത്ത് താങ്കള്‍ കേരളത്തില്‍ ഇല്ലല്ലോ എന്നോര്‍ത്ത് താന്‍ വിഷമിക്കുകയുംചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നോ എന്നും മുഖ്യമന്ത്രിയോട് അദ്ദേഹം തിരക്കി. സംഭാഷണത്തിന്റെ അവസാനഘട്ടത്തിലും അമേരിക്കന്‍ യാത്ര പൊതുവില്‍ എങ്ങനെയുണ്ടായിരുന്നെന്ന് ചോദിച്ചു. ലഘുസന്ദര്‍ശനമായിരുന്നുവെന്ന മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് അവിടെ അധികസമയം ചെലവഴിക്കാന്‍ പറ്റില്ലെന്ന് തനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നായിരുന്നു മോദിയുടെ പ്രതികരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top