×

ദിലീപിനെ പുറത്താക്കിയത് സംഘടനയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍: മോഹന്‍ലാല്‍ – രണ്ട് പേരുടെ രാജി മാത്രമെ ലഭിച്ചിട്ടുള്ളൂ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നടന്‍ ദിലീപിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതിനെ ചൊല്ലി താരസംഘടനയായ അമ്മയില്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. സംഘടന ഒരുഘട്ടത്തില്‍ പിളര്‍പ്പിന്റെ വക്കില്‍ എത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. പിളര്‍പ്പ് ഒഴിവാക്കാന്‍ തിടുക്കപ്പെട്ട് ദിലീപിനെ പുറത്താക്കുകയായിരുന്നെന്നും ലാല്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ അമ്മയുടെ അടിയന്തരയോഗം ചേര്‍ന്നതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത്. ഇന്ന് നടന്നത് എക്‌സിക്യൂട്ടീവ് യോഗമല്ലെന്ന് ലാല്‍ വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് ഇനി എന്ന് ചേരാം എന്നതിനെ കുറിച്ചാണ് ചര്‍ച്ച നടന്നത്.

ദിലീപ് നിലവില്‍ സംഘടനയ്ക്ക് പുറത്താണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. സംഘടനയിലേക്ക് വരാന്‍ താത്പര്യമില്ലെന്ന് ദിലീപ് പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം സംഘടനയ്ക്ക് പുറത്താണ്. വരാന്‍ താത്പര്യം ഇല്ലാത്തതിനാല്‍ തിരിച്ചെടുക്കാന്‍ കഴിയില്ല. തിരികെ വരുന്നില്ലെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയതിനാല്‍ അംഗത്വം നിലനില്‍ക്കില്ല. ഇക്കാര്യത്തില്‍ എന്ത് തീരുമാനം കൈക്കൊള്ളണമെന്ന് അടുത്ത എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യും. കുറ്റവിമുക്തനായി തിരിച്ചെത്തിയാല്‍ ദിലീപിനെ തിരിച്ചെടുക്കുമെന്നും ലാല്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവവും അതില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും സംഘടനയ്ക്ക് വലിയ ആഘാതമായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയഷനും ഫെഫ്കയും ദിലീപിനെ പുറത്താക്കി. ദിലീപിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ അടിയന്തര എക്‌സിക്യൂട്ടീവ് ചേര്‍ന്നു. പുറത്താക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും നിരവധി അഭിപ്രായങ്ങള്‍ ഉണ്ടായി. വലിയ തര്‍ക്കമാണ് ഉണ്ടായത്. സംഘടന പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു.

എന്നാല്‍ അന്നത്തെ വികാരത്തിന്റെ പശ്ചാത്തലത്തില്‍ ധൃതിപിടിച്ച്‌ ദിലീപിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷമാണ് അതിലെ നിയമപ്രശ്‌നങ്ങള്‍ മനസിലായത്. ഒരംഗത്തെ അങ്ങനെ പുറത്താക്കാനാകില്ല. അതിനാല്‍ പിന്നീട് ചേര്‍ന്ന എക്‌സിക്യൂട്ടീവ് ആ തീരുമാനം മരവിപ്പിച്ചു. അടുത്ത ജനറല്‍ ബോഡിയിലേക്ക് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ തിരിച്ചെടുക്കാം എന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നത്. ദിലീപ് വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നു. അതിനെ ആരും എതിര്‍ത്തില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്നു. ആരെങ്കിലും എതിര്‍ത്താല്‍ ചര്‍ച്ച ചെയ്യാമായിരുന്നു.

ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍

വനിതാ സംഘടനയായ ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കത്ത് നല്‍കിയിട്ടുണ്ട്. ഇനി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് തിരിച്ചും കത്ത് നല്‍കിയിട്ടുണ്ട്. എല്ലാ ആവശ്യങ്ങളും വ്യക്തമാക്കിക്കഴിഞ്ഞാല്‍ തീയതി നിശ്ചയിച്ച്‌ ചര്‍ച്ച ചെയ്യും.

നാലു നടിമാര്‍ രാജിവച്ചെന്ന് വാര്‍ത്തകള്‍ വരുന്നെങ്കിലും രണ്ട് പേരുടെ രാജി മാത്രമെ സംഘടനയ്ക്ക് ലഭിച്ചിട്ടുള്ളൂ. മറ്റ് രണ്ട് പേരുടെ രാജി ഇതുവരെയും ലഭിച്ചിട്ടില്ല. രാജിവച്ചവരെ തിരിച്ചെടുക്കുമോ എന്നത് ജനറല്‍ ബോഡിയില്‍ മാത്രമെ തീരുമാനിക്കാനാകു.

നടിമാര്‍ അവരുടെ പ്രതിഷേധങ്ങള്‍ സംഘടനയ്ക്ക് അകത്താണ് പറയേണ്ടത്. ആര്‍ക്കും എന്തും പറയാം. സംഘടനയില്‍ പുരുഷമേധാവിത്വം ഒന്നും ഇല്ല. പാര്‍വതിക്ക് എന്ത് സ്ഥാനവും നല്‍കാന്‍ തയ്യാറാണ്. എപ്പോള്‍ വേണമെങ്കിലും വരാം. ഇപ്പോള്‍ വന്നാലും അവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥാനം നല്‍കാന്‍ തയ്യാറാണ്.

ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം

അമ്മ സംഘടന ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ്. അവര്‍ക്ക് എല്ലാ പിന്തുണയുമുണ്ട്. എല്ലാ പരിപാടികള്‍ക്കും ക്ഷണിക്കാറുണ്ട്. എന്നാല്‍ നിയമപരമായ സഹായം നല്‍കുന്നതിന് പരിമിതികളുണ്ട്. സിനിമകളില്‍ നിന്ന് മാറ്റിയെന്ന് കാണിച്ച്‌ നടി രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ആരെയെങ്കിലും ഫോണില്‍ വിളിച്ച പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എല്ലാവരും അവരെ കൂടെനിര്‍ത്താനാണ് ശ്രമിക്കുന്നത്.

നിഷ സാരംഗിന് പൂര്‍ണപിന്തുണ

സംവിധായകന്റെ പീഡനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയ
നടി നിഷാ സാരംഗിന് മോഹന്‍ ലാല്‍ പിന്തുണ പ്രഖ്യാപിച്ചു. അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. സംഘടന അവര്‍ക്ക് ഒപ്പമാണ്. വേണ്ട എല്ലാ സഹായങ്ങളും നല്‍കും. ലാല്‍ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top