×

കാബിനറ്റ് പദവിയോടെ പിസി ജോര്‍ജ് എല്‍ഡിഎഫിലേക്ക്, പിള്ളയും സ്‌കറിയാ തോമസും ഫ്രാന്‍സിസ് ജോര്‍ജും ലയിച്ച്‌ പുതിയ കേരള കോണ്‍ഗ്രസ്‌

തിരുവനന്തപുരം: ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസുകള്‍ ലയിച്ച്‌ ഒറ്റപ്പാര്‍ട്ടിയാകുന്നു. സിപിഎം നിര്‍ദേശപ്രകാരമാണ് നീക്കം. നിലവില്‍ എല്‍ഡിഎഫ് ഘടക കക്ഷിയായ സ്‌കറിയാ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ്, മുന്നണിക്കു പുറത്തുനിന്ന് സഹകരിക്കുന്ന കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയാണ് ലയിക്കുക. പി സി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷവും ഈ ലയനത്തിന്റെ ഭാഗമാകും.

സിപിഎമ്മും പി സി ജോര്‍ജ്ജും വീണ്ടും അടുക്കാനൊരുങ്ങുന്നു എന്ന പ്രത്യേകതയും ഈ ലയനത്തിനുണ്ട്. ജനപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന എസ്ഡിപിഐയെ അഭിമന്യു വധത്തിനു ശേഷം പിസി ജോര്‍ജ് തള്ളിപ്പറഞ്ഞിരുന്നു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വിജയിക്കാന്‍ എസ്ഡിപിഐ പിന്തുണ തേടിയ ജോര്‍ജ്ജിന്റെ നിലപാടു മാറ്റവും കേരള കോണ്‍ഗ്രസുകളുടെ ഐക്യനീക്കവും തമ്മില്‍ ബന്ധമുണ്ടെന്നാണ് സൂചന. സ്വീകരിക്കാന്‍ സിപിഎം സമ്മതം മൂളുന്നതിനുള്ള ഉപാധികളിലൊന്ന് എസ്ഡിപിഐയെ തള്ളിപ്പറയണം എന്നായിരുന്നു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ തല്ലിയ കേസില്‍ പി സി ജോര്‍ജ്ജ് ഗണേഷ് അനുകൂല നിലപാടെടുത്തതും ഇതേ നീക്കത്തിന്റെ ഭാഗമാണ്. ജോര്‍ജ്ജും ഗണേഷ് കുമാറും നേരത്തേ കടുത്ത ശത്രുതയിലായിരുന്നു.

ജൂലൈ 19 മുതല്‍ 21 വരെ തിരുവനന്തപുരത്തു ചേരുന്ന സിപിഎം സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യും. പിന്നീട് ഇടതുമുന്നണി ഏകോപന സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് പ്രഖ്യാപിക്കുകയും ചെയ്യും. അപ്പോഴേയ്ക്കും ലയനം യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം. പുറത്തുനിന്ന് സഹകരിക്കുന്ന ചെറിയ പാര്‍ട്ടികളെയെല്ലാം അതേവിധം ഘടക കക്ഷിയാക്കാനുള്ള അസൗകര്യം സിപിഎം നേതൃത്വം വിവിധ നേതാക്കളെ അറിയിച്ചിരുന്നു. ലയിച്ച്‌ ഒറ്റപ്പാര്‍ട്ടിയാവുക എന്ന നിര്‍ദേശം മുന്നോട്ടുവച്ചതും അതിന്റെ തുടര്‍ച്ചയായാണ്. കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിയതും ശക്തമായ ഒരു കേരള കോണ്‍ഗ്രസ് കൂടെ വേണമെന്ന സിപിഎം ആലോചനയും ഇതിനു ശക്തി പകര്‍ന്നു. മാണി തിരിച്ചെത്തിയതോടെ യുഡിഎഫുമായി സഹകരിക്കാനുള്ള സാധ്യത അടഞ്ഞ പി സി ജോര്‍ജ്ജ് എല്‍ഡിഎഫുമായി അടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ആര്‍ ബാലകൃഷ്ണ പിള്ള മധ്യസ്ഥനാവുകയും ചെയ്തു. യുഎസ് സന്ദര്‍ശനം നടത്തുന്ന സ്‌കറിയാ തോമസ് തിരിച്ചുവരുന്നതോടെ ലയന നീക്കങ്ങള്‍ സജീവമാകും.

ലയനവും മുന്നണി പ്രവേശനവും യാഥാര്‍ത്ഥ്യമാകുന്നതതോടെ എല്‍ഡിഎഫ് എംഎല്‍എമാരുടെ എണ്ണം 92 ആകും. ആര്‍ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആക്കിയതുപോലെ പി സി ജോര്‍ജ്ജിനും ക്യാബിനറ്റ് റാങ്കോടെ ഏതെങ്കിലും പദവി ലഭിക്കും എന്ന സൂചന ശക്തമാണ്. അതേസമയം, മുന്നണിക്കു പുറത്തുനില്‍ക്കുന്ന നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ ഏക എംഎല്‍എ പിടിഎ റഹീം സിപിഎം സ്വതന്ത്രനായാണ് മല്‍സരിച്ചു ജയിച്ചത് എന്നതുകൊണ്ട് തല്‍ക്കാലം ആ പാര്‍ട്ടിയെ ഘടക കക്ഷിയാക്കില്ല. എന്നാല്‍ ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കുന്നത് സിപിഎം പരിഗണിക്കുന്നുണ്ട്.

സ്‌കറിയാ തോമസ് വിഭാഗം കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ബിയും ലയിക്കുന്നതു സംബന്ധിച്ച്‌ നേരത്തേ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചെയര്‍മാന്‍ ആരാകണം എന്ന കാര്യത്തിലുള്‍പ്പെടെ പാര്‍ട്ടി പദവികളെ സംബന്ധിച്ച തര്‍ക്കമാണ് ആ നീക്കം പൊളിയാന്‍ ഇടയാക്കിയത്. ഇപ്പോഴത്തെ ലയന നീക്കത്തിലും അതേ പ്രശ്‌നങ്ങളുണ്ട്. പിള്ളയ്ക്ക് മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയില്‍ സുപ്രധാന സ്ഥാനവും കൂടി നല്‍കാനാകില്ല എന്ന വാദമുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജിനു പ്രധാന പദവി നല്‍കണമെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പി സി ജോര്‍ജ്ജ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്നും പൂഞ്ഞാറില്‍ മകന്‍ ഷോണ്‍ ജോര്‍ജ്ജ് മല്‍സരിക്കുമെന്നും ഉള്‍പ്പെടെ ഇപ്പോഴത്തെ ചര്‍ച്ചകളുടെ ഭാഗമായി പ്രചരിക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top