×

ജലന്ധര്‍ ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കാന്‍ നീക്കം; കര്‍ദിനാളിന്റെ മൊഴി എടുക്കാനും പൊലീസ് തീരുമാനം

കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കര്‍ദിനാളിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ജലന്ധറിലെ മഠവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് കന്യാസ്ത്രീ പറഞ്ഞത്. മാനഭംഗപ്പെടുത്തിയതായി പറയുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി നേരത്തെ വ്യക്തമാക്കിയിരുന്നു. കര്‍ദിനാളിനെ കൂടാതെ, പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കന്യാസ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടറുടെ മൊഴിയും എടുക്കും.

ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് നിങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രഹസ്യമൊഴി ലഭിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് പൊലീസ് സംഘം തിരിക്കുമെന്നാണ് സൂചന. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചതായാണ് സൂചന. പൊലീസിന് നല്‍കിയ മൊഴിയിലെയും, കന്യാസ്ത്രീ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയിലെയും വിവരങ്ങള്‍ ഒന്നു തന്നെയാണെങ്കില്‍ ഈ ആഴ്ച തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘത്തലവന്‍ വിഷയം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ആഴ്ച നടത്തിയ വൈദ്യ പരിശോധനയില്‍ കന്യാസ്ത്രീ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന മൊഴിയില്‍ കന്യാസ്ത്രീ ഉറച്ചു നില്‍ക്കുകയാണ്. കുറവിലങ്ങാട് നാടുകുന്നത്തെ മഠത്തില്‍ വച്ച്‌ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച്‌ കഴിഞ്ഞ ആഴ്ചയാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്.

അതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഭയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. രണ്ട് വൈദികരും കന്യാസ്ത്രീയുടെ ഇടവകയിലുള്ള പുരോഹിതനും ചേര്‍ന്നാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കുന്നുണ്ട്. പരാതി പിന്‍വലിച്ചാല്‍ ഇഷ്ടാനുസരണം സ്ഥലംമാറ്റം നല്‍കാമെന്നാണ് വാഗ്ദാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top