×

തൊടുപുഴ നഗരസഭയിലെ ഭരണമാറ്റം: മുന്നണി താല്‌പര്യത്തേക്കാള്‍ വ്യക്തി താല്‌പര്യങ്ങളെന്ന്‌ ആക്ഷേപം

തൊടുപുഴ : തലനാരിഴ ഭൂരിപക്ഷത്തില്‍ യു ഡി എഫിന്‌ തൊടുപുഴ നഗരസഭയില്‍ ലഭിച്ച ഭരണം കളയാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരിക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. ഭൂരിപക്ഷമില്ലാത്ത നാട്ടില്‍ കരാര്‍ പറയുന്നതിന്റെ പൊരുള്‍ മനസ്സിലാകാതെ അണികളും പ്രവര്‍ത്തകരരും ധര്‍മ്മ സങ്കടത്തിലും രോഷത്തിലുമാണ്‌.
സഫിയ ജബ്ബാര്‍ ചെയര്‍പേഴ്‌സണ്‍ ആയ അന്ന്‌ മുതല്‍ ഒളിഞ്ഞും തെളിഞ്ഞും ഭരണസമിതിക്കെതിരെ എപ്പോഴും പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുന്ന ആളുകളെ ചെയര്‍പേഴ്‌സണും വൈസ്‌ ചെയര്‍പേഴ്‌സണും ആക്കേണ്ടതുണ്ടെയെന്ന്‌ യുഡിഎഫ്‌ ജില്ലാ നേതൃത്വം പുന: പരിശോധിക്കണമെന്നാണ്‌ തൊടുപുഴയിലെ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെടുന്നത്‌.
തങ്ങളുടെ ജില്ലാ നേതൃത്വം പറഞ്ഞാല്‍ കേള്‍ക്കില്ലാത്ത ഒരാളെ ഭരണത്തില്‍ എത്തിക്കുന്നതില്‍ താല്‌പര്യമില്ല എന്നാണ്‌ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്‌. നിലവിലുള്ള ഭരണസമിതി രാജി വച്ചാല്‍ ഭരണം തിരിച്ചു കിട്ടും എന്നതിന്‌ ഒരു ഉറപ്പുമില്ല.
നഗര സഭയില്‍ തുടക്കം മുതല്‍ ഉള്ളതും ചെയര്‍മാന്‍ സീറ്റിലും പ്രതിപക്ഷ നേതൃ സ്ഥാനത്തും ചെയര്‍പേഴ്‌സണ്‍ കസേരയിലും ഇരിക്കുന്ന മൂന്ന്‌ പേരാണ്‌ നഗരസഭയിലെ കാര്യക്കാര്‍ എന്നാണ്‌ കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും പറയുന്നത്‌. ഇവരല്ലാതെ ആര്‌ ഭരണത്തില്‍ വന്നാലും ഭരിക്കുന്നവര്‍ക്കു തലവേദന ഉണ്ടാക്കാന്‍ ഇവര്‍ ഒറ്റ കേട്ടാണ്‌ .അതിനു പാര്‍ട്ടിയും മുന്നണിയും ഒന്നും ഇവര്‍ക്ക്‌ പ്രശനമല്ല. സ്ഥിരമായി വിജയിച്ചു വരുന്ന ഇവര്‍ ബോധപൂര്‍വ്വം ഭരണസമിതിക്കെതിരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന്‌ ഇക്കൂട്ടര്‍ പറയുന്നു.
ഭരണമാറ്റം എന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിന്‌ പിന്നില്‍ നഗരസഭ ശ്‌മശാനത്തിലെ ഗ്യാസ്‌ കണക്ഷനും കാരണമാണെന്ന്‌ കേള്‍ക്കുന്നു. നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഒരു ഏജന്‍സി ഗ്യാസ്‌ നല്‌കണമെന്ന കാര്യം വൈസ്‌ ചെയര്‍മാന്‍ കൗണ്‍സിലില്‍ അറിയിച്ചു . ഇതേ തുടര്‍ന്ന്‌ കുറഞ്ഞ നിരക്ക്‌ പറഞ്ഞ ഏജന്‍സിക്കു കരാര്‍ നല്‍കി കോണ്‍ഗ്രസ്‌ നേതാവിന്റെ ഏജന്‍സിയെ ഒഴിവാക്കിയെന്നാണ്‌ കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പുകാരുടെ ഇപ്പോഴത്തെ പരാതി. അതിനാല്‍ വൈസ്‌ ചെയര്‍മാനെ പുറത്താക്കാനാണ്‌ ഇവര്‍ ഭൂരിപക്ഷമില്ലാത്ത നാട്ടില്‍ കരാറിന്റെ കാര്യം പറഞ്ഞു ഭരണമാറ്റം ആവശ്യപെടുന്നതെന്ന്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിയുടെ വളര്‍ച്ചയല്ല, സ്വകാര്യ താല്‌പര്യങ്ങളാണ്‌ തൊടുപുഴയിലെ പല കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുമെന്നാണ്‌ പ്രവര്‍ത്തകരുടെ പരാതി .
ഉള്ള ഭരണം കളഞ്ഞു കുളിക്കാന്‍ ഇവര്‍ കാണിക്കുന്ന ഉത്സാഹമാണ്‌ അണികളെ പ്രകോപിപ്പിക്കുന്നത്‌. ജില്ലയിലെ ഒരു എം എല്‍ എ യോ, എം പി യോ കോണ്‍ഗ്രസിന്‌ സ്വന്തമായി ഇല്ല. നിലവിലുള്ള ചെയര്‍പേഴ്‌സന്‍ എല്ലാവര്‌ക്കും സ്വീകാര്യമായ ഭരണമാണ്‌ നടത്തുന്നതെന്ന അഭിപ്രായമാണ്‌ പൊതുവേയുള്ളത്‌. പക്ഷെ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ക്കാണ്‌ ഇപ്പോള്‍ ഇവര്‍ക്കെതിരെ പടയൊരുക്കത്തിന്‌ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്‌. ന്യൂമാന്‍ കോളജിന്റെ സെമിത്തേരി വിഷയവും ഏറെ വഷളാകുവാന്‍ ഇത്തരം ചില കൗണ്‍സിലര്‍മാര്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്‌. എന്തായാലും വിശ്വാസ വോട്ടെടുപ്പിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്‌ നഗരസഭയിലെ ജീവനക്കാരും നാട്ടുകാരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top