×

ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; ഫലം തിങ്കളാഴ്ച

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 93 മണ്ഡലങ്ങളിലാണ് ജനവിധി. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം.

നാട്ടുകാരനായ പ്രധാനമന്ത്രിക്ക് തലവേദനയുണ്ടാക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗുജറാത്തുകാര്‍ ഗാന്ധിനഗറില്‍ വാഴിക്കില്ലെന്ന ഉറപ്പിലാണ് ബി.ജെ.പി. എന്നാല്‍, 22 വര്‍ഷത്തെ ബി.ജെ.പി. ഭരണത്തോടുള്ള മടുപ്പും ജാതിസഖ്യങ്ങളും അനുകൂലമായ അടിയൊഴുക്ക് സൃഷ്ടിച്ചതായി കോണ്‍ഗ്രസ് കരുതുന്നു.

നരേന്ദ്രമോദി, അമിത് ഷാ, എല്‍.കെ.അദ്വാനി, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ വ്യാഴാഴ്ച അഹമ്മദാബാദ് നഗരത്തിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടുചെയ്യും. 2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി ഈ ഘട്ടത്തിലുള്ളത്. ഉത്തരഗുജറാത്തില്‍ ആറും മധ്യഗുജറാത്തില്‍ എട്ടും ജില്ലകള്‍ ഇതില്‍പ്പെടും. 2012-ല്‍ വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും മധ്യഗുജറാത്തില്‍ ബി.ജെ.പി.യും മേല്‍ക്കൈ നേടിയിരുന്നു.

ബി.ജെ.പി.

1. അനുകൂലഘടകങ്ങള്‍

കേന്ദ്രത്തില്‍ മോദിയുള്ളപ്പോള്‍ സംസ്ഥാനത്തും ബി.ജെ.പി. ഭരിക്കുന്നതാണ് നല്ലതെന്ന പ്രായോഗികത, കോണ്‍ഗ്രസ് വന്നാല്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ഇളക്കമുണ്ടാകുമെന്ന പ്രചാരണം, വ്യവസായവത്കരണത്തിന്റെ ഗുണഭോക്താക്കളായ മധ്യവര്‍ഗത്തിന്റെ പിന്തുണ, സംഘടനാശേഷി

2. എതിര്‍ഘടകങ്ങള്‍

കര്‍ഷകരുടെ അതൃപ്തി, കൂലിക്കുറവ്, പട്ടേല്‍ രോഷം, ജി.എസ്.ടി.മൂലം വ്യാപാരികളുടെ അതൃപ്തി, സംസ്ഥാനത്ത് മികച്ച നേതാക്കളില്ല

3. അവസാനനീക്കങ്ങള്‍

പാകിസ്താന്‍, തീവ്രവാദം എന്നിവ ചര്‍ച്ചയിലെത്തിച്ചു, പട്ടേല്‍വോട്ടിലെ ചോര്‍ച്ച ഒ.ബി.സി. വോട്ടിലൂടെ അടയ്ക്കാന്‍ മോദിയുടെ ശ്രമം, വികസനം അജന്‍ഡയാണെന്ന് ഓര്‍മിപ്പിക്കാന്‍ ജലവിമാനതന്ത്രം.

കോണ്‍ഗ്രസ്

1. അനുകൂലഘടകങ്ങള്‍

ഗ്രാമീണകര്‍ഷകരിലും പട്ടണങ്ങളിലെ സംരംഭകരിലുമുള്ള ഭരണവിരുദ്ധവികാരം, ഹാര്‍ദിക് പട്ടേല്‍-അല്‍പേഷ് ഠാേക്കാര്‍-മേവാനി-ഛോട്ടു വസാവ പിന്തുണ, ജനകീയമല്ലാത്ത സംസ്ഥാന ബി.ജെ.പി. നേതൃത്വം, രാഹുല്‍ഗാന്ധിക്ക് ലഭിച്ച സ്വീകാര്യത, ഹിന്ദുവിരുദ്ധരല്ലെന്ന് സ്ഥാപിക്കാനുള്ള ജാഗ്രത

2. എതിര്‍ഘടകങ്ങള്‍

സംസ്ഥാനത്ത് കരുത്തനായ നേതാവില്ല, അടിത്തട്ടില്‍ സംഘടന ദുര്‍ബലം, പട്ടേല്‍പ്രശ്നത്തിന് ലഭിച്ച മേല്‍ക്കൈ ഇതരവിഭാഗങ്ങളെ അകറ്റിയേക്കാം, പുതിയ കൂട്ടുകെട്ടുകളില്‍ സീറ്റ് നഷ്ടപ്പെട്ട വിമതരുടെ ഭീഷണി, മോദിയുടെ സ്വാധീനം, നവസര്‍ജന്‍യാത്രമൂലം രാഹുലിനുണ്ടായ മെച്ചം പാര്‍ട്ടിക്ക് കിട്ടിയില്ല

3. അവസാനനീക്കങ്ങള്‍

മോദി പാകിസ്താന്‍ ചീട്ട് ഇറക്കിയപ്പോള്‍ മന്‍മോഹന്‍സിങ്ങിന്റെ മറുപടിവഴി പ്രതിരോധം, പാര്‍ട്ടി ദുര്‍ബലമായ അഹമ്മദാബാദ്, വഡോദര നഗരങ്ങളില്‍ ഹാര്‍ദികിന്റെ റോഡ്ഷോ

അപ്രസക്തരായവര്‍

കറുത്ത കുതിരയാകുമെന്ന് കരുതിയ ശങ്കര്‍സിങ് വഗേല സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും പ്രചാരണം ഏശിയിട്ടില്ല. രണ്ടാംഘട്ടത്തില്‍ ചിലയിടങ്ങളില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ട്. കോണ്‍ഗ്രസിന്റെ പഴയ സഖ്യകക്ഷി എന്‍.സി.പി.യും ഒറ്റയ്ക്ക് മത്സരിക്കുന്നതിനാല്‍ ജയസാധ്യത കുറവ്.

നഗരങ്ങളും ഗ്രാമങ്ങളും നിര്‍ണായകം

നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നഗരങ്ങളും ഗ്രാമങ്ങളും വ്യത്യസ്തമായി വോട്ടുചെയ്യുന്നു എന്നതാണ് ഗുജറാത്തിന്റെ ഒരു സവിശേഷത. പട്ടണങ്ങളില്‍ ബി.ജെ.പി. വന്‍കുതിപ്പ് നടത്തുമ്ബോള്‍ ഗ്രാമങ്ങളിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കും.

2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രാമീണമേഖല കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ പട്ടണങ്ങള്‍ ബി.ജെ.പി. തൂത്തുവാരി. ഇത്തവണ ഗ്രാമങ്ങളില്‍ പരമാവധി നേട്ടമുണ്ടാക്കാനും പട്ടണങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്താനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. വന്‍നഗരങ്ങളേക്കാള്‍ മെഹ്സാന, മോര്‍ബി തുടങ്ങിയ ചെറുപട്ടണങ്ങളെയാണ് അവര്‍ ലക്ഷ്യമിട്ടത്. ബി.ജെ.പി. അവരുടെ സ്വാധീനമേഖലകള്‍ നിലനിര്‍ത്തിയാല്‍ വിജയം ഉറപ്പിക്കും. പക്ഷേ, 150 സീറ്റെന്ന ലക്ഷ്യം നേടണമെങ്കില്‍ ഗ്രാമങ്ങളില്‍ കൂടുതല്‍ സീറ്റുനേടണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top