×

ലോക്‌സഭ തുറക്കും മുമ്പേ ഇറങ്ങിപ്പോക്ക് ; , പാര്‍ലമെന്റ്‌ മന്ദിരോദ്‌ഘാടനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം 28-നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കാനിരിക്കേ, ചടങ്ങില്‍ പ്രതിപക്ഷസാന്നിധ്യമുണ്ടാവില്ലെന്ന്‌ ഉറപ്പായി.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കി, പ്രധാനമന്ത്രി ഉദ്‌ഘാടകനാകുന്നതില്‍ പ്രതിഷേധിച്ച്‌ ചടങ്ങ്‌ ബഹിഷ്‌കരിക്കുകയാണെന്ന്‌ 19 പ്രതിപക്ഷകക്ഷികള്‍ സംയുക്‌തപ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

 

കോണ്‍ഗ്രസ്‌, എ.എ.പി, തൃണമൂല്‍ കോണ്‍ഗ്രസ്‌, ഡി.എം.കെ, ആര്‍.ജെ.ഡി, ജെ.ഡി. (യു), എന്‍.സി.പി, ശിവസേന (ഉദ്ധവ്‌ വിഭാഗം), എസ്‌.പി, ജെ.എം.എം, സി.പി.എം, സി.പി.ഐ, കേരളാ കോണ്‍ഗ്രസ്‌ (എം), മുസ്ലിം ലീഗ്‌, ആര്‍.എസ്‌.പി, വിടുതലൈ ചിരുതൈകള്‍ കക്ഷി, എം.ഡി.എം.കെ, ആര്‍.എല്‍.ഡി. എന്നീ കക്ഷികളാണു സംയുക്‌തപ്രസ്‌താവന പുറപ്പെടുവിച്ചത്‌. ശിരോമണി അകാലിദള്‍, വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌, തെലുങ്കുദേശം പാര്‍ട്ടി, ശിവസേന (ഷിന്‍ഡെ വിഭാഗം), ബി.ജെ.ഡി. എന്നിവ ചടങ്ങില്‍ പങ്കെടുക്കും. തെലങ്കാനയിലെ ഭരണകക്ഷിയായ ബി.ആര്‍.എസ്‌. ഇന്ന്‌ തീരുമാനം പ്രഖ്യാപിക്കും.

 

സംയുക്‌തപ്രസ്‌താവനയുടെ ഭാഗമായില്ലെങ്കിലും ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല ഉദ്‌ഘാടകനായില്ലെങ്കില്‍ ചടങ്ങ്‌ ബഹിഷ്‌കരിക്കുമെന്നാണ്‌ അസാസുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മിന്റെ നിലപാട്‌.
“രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ അവഗണിച്ച്‌, പുതിയ പാര്‍ലമെന്റ്‌ മന്ദിരം പ്രധാനമന്ത്രി മോദിതന്നെ ഉദ്‌ഘാടനം ചെയ്യാനുള്ള തീരുമാനം അവഹേളനപരവും ജനാധിപത്യധ്വംസനവുമാണ്‌. അന്തസില്ലാത്ത ഈ നടപടി രാഷ്‌ട്രപതിയുടെ ഓഫീസിനെ അപമാനിക്കുന്നതും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കു വിരുദ്ധവുമാണ്‌. ഗോത്രവിഭാഗത്തില്‍നിന്ന്‌ ഒരു വനിതാ രാഷ്‌ട്രപതിയെ തെരഞ്ഞെടുത്തതില്‍ രാജ്യത്തിന്റെ ആഹ്‌ളാദം അട്ടിമറിക്കുന്ന നടപടിയാണിത്‌. പ്രധാനമന്ത്രി മോദിയെ സംബന്ധിച്ച്‌ ജനാധിപത്യവിരുദ്ധനടപടികള്‍ പുതുമയല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന പ്രതിപക്ഷാംഗങ്ങളെ അയോഗ്യരാക്കുകയോ സസ്‌പെന്‍ഡ്‌ ചെയ്യുകയോ നിശബ്‌ദരാക്കുകയോ ചെയ്യുന്നു. പാര്‍ലമെന്റില്‍നിന്നു ജനാധിപത്യത്തിന്റെ ആത്മാവുതന്നെ ചോര്‍ത്തിക്കളയുമ്ബോള്‍, പുതിയ മന്ദിരത്തിനു ഞങ്ങള്‍ ഒരു മൂല്യവും കാണുന്നില്ല”- സംയുക്‌തപ്രസ്‌താവനയില്‍ പ്രതിപക്ഷം വ്യക്‌തമാക്കി.
എന്നാല്‍, പുതിയ പാര്‍ലമെന്റ്‌ മന്ദിരം പ്രധാനമന്ത്രിതന്നെ ഉദ്‌ഘാടനം ചെയ്യുമെന്നു പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു. എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത്‌ അവരാണെന്നും ഷാ പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കാന്‍ പ്രതിപക്ഷം തയാറാകണമെന്നു പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ്‌ ജോഷി അഭ്യര്‍ഥിച്ചു.
ഇന്ത്യയുടെ പുരോഗതി സംബന്ധിച്ച ദേശീയവികാരവും അഭിമാനബോധവും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്‌ തയാറാകുന്നില്ലെന്നു കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരി കുറ്റപ്പെടുത്തിയിരുന്നു. 1975 ഒക്‌ടോബര്‍ 24-നു പാര്‍ലമെന്റിന്റെ അനുബന്ധമന്ദിരം ഉദ്‌ഘാടനം ചെയ്‌തത്‌ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ദിരയുടെ പിന്‍ഗാമിയായി അധികാരമേറ്റ രാജീവ്‌ ഗാന്ധിയാണ്‌ 1987 ഓഗസ്‌റ്റ്‌ 15-ന്‌ പാര്‍ലമെന്റ്‌ ലൈബ്രറി മന്ദിരത്തിനു ശിലാസ്‌ഥാപനം നടത്തിയത്‌. പിന്നെന്തുകൊണ്ട്‌ ഇപ്പോഴത്തെ പ്രധാനമന്ത്രിക്കു പുതിയ പാര്‍ലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്‌തുകൂടെന്നും മന്ത്രി ഹര്‍ദീപ്‌ പുരി ചോദിച്ചു. എന്നാല്‍, ലൈബ്രറിയും ഉദ്യോഗസ്‌ഥര്‍ ജോലിയെടുക്കുന്ന അനുബന്ധമന്ദിരവും ഉദ്‌ഘാടനം ചെയ്യുന്നതുപോലെയല്ല, ജനാധിപത്യത്തിന്റെ ശ്രീകോവില്‍ തുറന്നുകൊടുക്കുന്നതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേഷിന്റെ മറുപടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top