×

ശ്രീ എം ഇടനിലക്കാരനായി ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ച നടന്നുവെന്ന് സ്ഥിരീകരിച്ച്‌ പി.ജയരാജന്‍

കണ്ണൂര്‍: ശ്രീ എം ഇടനിലക്കാരനായി ആര്‍.എസ്.എസ്-സി.പി.എം ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച്‌ സി.പി.എം നേതാവ് പി ജയരാജന്‍. ശ്രീ എം ഇടനിലക്കാരനായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞതിന് വിരുദ്ധമാണ് ചര്‍ച്ചയില്‍ പങ്കാളിയായ പി.ജയരാജന്‍റെ പ്രസ്താവന.

സാധാരണ ഇത്തരം ചര്‍ച്ചകള്‍ നടക്കാറുള്ളത് ജില്ലാ ഭരണകൂടത്തിന്‍റെ മുന്‍കൈയിലാണ്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്‍റെ സാന്നിധ്യമില്ലാതെ ശ്രീ എം മുന്‍കൈയെടുത്താണ് ചര്‍ച്ച നടന്നതെന്നും പി.ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ശ്രീ.എം നടത്തിയത് ശാശ്വത സമാധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ്. ചര്‍ച്ചയെ സി.പി.എം – ആര്‍.എസ്.എസ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതിനാലാണ് കുറിപ്പ് എഴുതുന്നത്. കേരളത്തിലെ ഇരുന്നൂറിലധികം സി.പി.എം പ്രവര്‍ത്തകരുടെ രക്ത സാക്ഷിത്വമാണ് ഇവര്‍ക്കുളള മറുപടിയെന്നും പി. ജയരാജന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പി.ജയരാജന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റ പൂര്‍ണരൂപം:

യോഗാചാര്യന്‍ ശ്രീ.എം ന്‍റെ സാന്നിദ്ധ്യത്തില്‍ സി.പി.ഐ.എം- ആര്‍.എസ്സ്.എസ്സ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം തന്നെ പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ച വിഷമായിരിക്കുകയാണ്.

ഇതേക്കുറിച്ച്‌ പ്രതികരണം ആരാഞ്ഞ് ചില മാധ്യമങ്ങള്‍ എന്നെ സമീപിക്കുകയുണ്ടായി. മാത്രമല്ല ഈ ചര്‍ച്ചയെ ആര്‍.എസ്സ്.എസ്സ്- സി.പി.ഐ.എം രഹസ്യ ബാന്ധവമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ചുളള വസ്തുതകള്‍ സമൂഹം മനസ്സിലാക്കണം എന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി സ:പിണറായി വിജയന്‍ കൂടി പങ്കെടുത്ത ചര്‍ച്ചയെത്തുര്‍ന്നാണ് കണ്ണൂരിലെ യോഗം നടക്കുന്നത്.ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ അതിന് മുമ്ബും ശേഷവും നടന്നിട്ടുണ്ട്.എന്നാല്‍ ശ്രീ.എം ന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒരു സവിശേഷത ഉണ്ട്. മറ്റെല്ലാ ഉഭയകക്ഷി ചര്‍ച്ചകളും അതത് സമയത്തെ ജില്ലാ ഭരണ കൂടത്തിന്‍റെ ചുമതലപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. അതായത് കലക്ടറുടെയും എസ്.പിയുടെയും സാന്നിദ്ധ്യത്തില്‍. എന്നാല്‍ മേല്‍ പറഞ്ഞ ചര്‍ച്ച ആവട്ടെ ശ്രീ. എം മുന്‍കൈ എടുത്ത് നടത്തിയതാണ്.

സി.പി.ഐ.എം-ആര്‍.എസ്സ്.എസ്സ് സംഘര്‍ഷങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അതാവട്ടെ കേരളീയ സമൂഹത്തില്‍ നുഴഞ്ഞു കയറാനുളള ആര്‍.എസ്സ്.എസ്സ് പദ്ധതിയെ സി.പി.ഐ.എം ചെറുത്തതിന്‍റെ പേരിലാണ്. മറ്റൊരു പാര്‍ട്ടിയും ഇത്തരം ചെറുത്ത് നില്‍പ്പുകള്‍ നടത്തിയിട്ടില്ലന്ന് ഉറപ്പിച്ച്‌ പറയാം. നുഴഞ്ഞു കയറ്റത്തിനുളള ആര്‍.എസ്സ്.എസ്സ് പദ്ധതിയുടെ ഭാഗമായിരുന്നു ആസൂത്രിതമായ തലശ്ശേരി വര്‍ഗ്ഗീയ കലാപം. ഈ കലാപം തടയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് പരിശ്രമിച്ചതും സി.പി.ഐ.എം മാത്രമാണ്. ഇതില്‍ നിരാശ പൂണ്ട ആര്‍.എസ്സ്.എസ്സ് നടത്തിയ സി.പി.ഐ.എം വിരുദ്ധ കായിക ആക്രമണങ്ങളുടെ പ്രധാന കേന്ദ്രം തന്നെ തലശ്ശേരി താലൂക്ക് ആയിരുന്നു. ഇതിന്‍റെ ഭാഗമായി നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് അംഗ ഭംഗം വന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുളള ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായി. അതിന്‍റെ ഫലമായിരുന്നു കുറേ കാലത്തേക്ക് സംഘര്‍ഷ രഹിതമായ അന്തരീക്ഷമുണ്ടായത്. ഇക്കാര്യത്തില്‍ ശാശ്വത സമാധാനം ഉണ്ടാവണം എന്ന സദുദ്ദേശത്തോടെ ശ്രീ.എം നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ.എം നിലപാട് പകല്‍ വെളിച്ചംപോലെ വ്യക്തമാണ്.

ആര്‍.എസ്സ്.എസ്സ് മുന്നോട്ട് വെക്കുന്ന മത രാഷ്ട്ര സംങ്കല്‍പത്തോട് ശക്തമായ എതിര്‍പ്പാണ് സി.പി.ഐ.എം ന് ഉളളത്. ഈ മത രാഷ്ട്ര സ്ഥാപനത്തിന് തടസ്സം മൂന്ന് ആഭ്യന്തര ഭീക്ഷണികളാണെന്നാണ് ഗുരുജി ഗോള്‍വാക്കര്‍ തന്നെ പറഞ്ഞ് വെച്ചത്. മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആണ് അവയെന്ന് ഗോള്‍വാക്കര്‍ പേരടുത്ത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ന്യൂനപക്ഷ വിരുദ്ധ വര്‍ഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലം എന്താണെന്ന് ഇതിലൂടെ വ്യക്തമാണ്. അതോടൊപ്പം കേരളത്തിലെ പതിനാല് ജില്ലകളിലും നടന്ന സി.പി.ഐ.എം-ആര്‍.എസ്സ്.എസ്സ് സംഘര്‍ഷത്തിന്‍റെ സാഹചര്യവും ഏവര്‍ക്കും മനസ്സിലാക്കാന്‍ ആകും. ഇവിടെയാണ് രണ്ട് സംഘടനകളും നടത്തുന്ന ചര്‍ച്ചകളുടെ പ്രാധാന്യം വ്യക്തമാകുക. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളില്‍ ഭിന്ന ധ്യുവങ്ങളിലാണ് സി.പി.ഐ.എംമും-ആര്‍.എസ്സ്.എസ്സും. അതിപ്പോഴും നില നില്‍ക്കുന്നു. എന്നാല്‍ നാടിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലയിലുളള കായിക ആക്രമണങ്ങള്‍ തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആര്‍.എസ്സ്.എസ്സ് നേതൃത്വം ശ്രീ.എം നെ അറിയിച്ചു. ഇന്ന് മറ്റ് പാര്‍ട്ടികളില്‍പെട്ട സാധാരണക്കാരും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച്‌ വര്‍ഗ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്ബോള്‍ സി.പി.ഐ.എം ന്‍റെ പിന്നില്‍ അണി നിരക്കേണ്ടവരാണ്. അതിനാല്‍ സമാധാന പരമായ അന്തരീക്ഷം ഉണ്ടാവേണ്ടത് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കാരണം സമാധാനപരമായ സാഹചര്യത്തിലാണ് ജനാധിപത്യത്തിന്‍റെ കണിക പോലും തൊട്ട് തീണ്ടിയിട്ടില്ലാത സംഘ പരിവാരത്തിനകത്ത് വൈരുദ്ധ്യങ്ങള്‍ രൂപപ്പെടുക. ഈ കാഴ്ചപ്പാട് ശരിയാണ് എന്നതിന്‍റെ തെളിവാണ് കേരളത്തിലുടനീളം സംഘപരിവാര ബന്ധം ഉപേക്ഷിച്ച്‌ ചെങ്കൊടി പിടിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ മുന്നോട്ട് വന്ന് തെളിയിക്കുന്നത്..

മേല്‍ പറഞ്ഞ ചര്‍ച്ചയ്ക്ക് ശേഷവും കണ്ണൂര്‍ ജില്ലയില്‍ സി.പി.ഐ.എം-ആര്‍.എസ്സ്.എസ്സ് സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്സ്.എസ്സുകാര്‍ കൊലപ്പെടുത്തിയത്. അതിനാല്‍ തന്നെ സി.പി.ഐ.എംനോടുളള ആര്‍.എസ്സ്.എസ്സ് നിലപാട് വ്യക്തമാണ്. സംഘര്‍ഷത്തിന്‍റെ അന്തരീക്ഷം ഉണ്ടാക്കുകയല്ല, ആശയ സമരത്തിലൂടെ സംഘപരിവാരിന്‍റെ പിന്നില്‍ അണി നിരന്ന സാധാരണക്കാരെപ്പോലും പാര്‍ട്ടിയുടെ ഭാഗമാക്കാനാണ് പരിശ്രമിക്കേണ്ടത്.

നാടിന്‍റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുളള പാര്‍ട്ടി നിലപാടിനെ സി.പി.ഐ.എം-ആര്‍.എസ്സ്.എസ്സ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും കൊണ്ട് പിടിച്ച്‌ ശ്രമിക്കുന്നുണ്ട്. ആര്‍.എസ്സ്.എസ്സ് ആശയങ്ങളെ നഖശിഖാന്തം എതിര്‍ക്കാന്‍ സി.പി.ഐ.എം ആണ് മുന്നിലെന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക? ആര്‍.എസ്സ്.എസ്സ് ആക്രമണങ്ങളില്‍ ജീവാര്‍പ്പണം ചെയ്ത കേരളത്തിലെ ഇരുന്നൂറിലധികം സി.പി.ഐ.എം പ്രവര്‍ത്തകരുടെ രക്ത സാക്ഷിത്വമാണ് ഇവര്‍ക്കുളള മറുപടി. അതേ സമയം ആര്‍.എസ്സ്.എസ്സിനോട് മൃദു സമീപനം സ്വീകരിച്ച്‌, ഗോഡ്സെയ്ക്ക് സ്മാരകമായി അമ്ബലം പണിത ബാബുലാല്‍ ചൗരസ്യയെ പോലും കെട്ടിപുണര്‍ന്ന കോണ്‍ഗ്രസ്സിന് എതിരായി ജമാഅത്തും, പോപ്പുലര്‍ ഫ്രണ്ടും ഒന്നും മിണ്ടുന്നില്ല എന്നതാണ് ചിന്തിക്കേണ്ട വിഷയം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top