×

കെ വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം – സി എന്‍ മോഹനന്‍

കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം. കെ.വി തോമസുമായി സംസ്ഥാന നേതൃത്വം ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ പാര്‍ട്ടി നേതൃത്വവും കെ.വി. തോമസിനും ഇടയില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എറണാകുളത്ത് സീറ്റ് തര്‍ക്കം ഉടലെടുക്കുകയും കെ.വി. തോമസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സി.എന്‍. മോഹനന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുവന്നാല്‍ എറണാകുളം, കൊച്ചി മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് സാധ്യതയേറുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റര്‍ പ്രചാരണം അടക്കം ആരംഭിച്ചതിന് ശേഷമാണ് എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടതും യുവ നേതാവായ ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയാകുന്നതും. അന്ന് ഹൈക്കമാന്‍ഡ് ഇടപെട്ട് മറ്റുപല വാഗ്ദാനങ്ങളും നല്‍കിയാണ് കെ.വി. തോമസിനെ തണുപ്പിച്ചത്. എന്നാല്‍ ഇതൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല.

അതേസമയം ശനിയാഴ്ച രാവിലെ കെ.വി. തോമസ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നേതൃത്വവുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ.വി. തോമസിന്റെ നിലപാട് എന്താകും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുമോ എന്നത് സംബന്ധിച്ച്‌ ചിലപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനുള്ളില്‍ ചരടുവലികളും തുടങ്ങിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top