×

ബീഹാറില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങി തേജസ്വി

പാറ്റ്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ നടക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കുമ്ബോള്‍ കാര്യങ്ങള്‍ ഇത്തവണ മാറി മറിയുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചനകള്‍. പ്രവചനങ്ങള്‍ ശരിയാകുകയും മുന്നണിയെ നയിക്കുന്ന തേജസ്വീയാദവ് മുഖ്യമന്ത്രിയാകുകയും ചെയ്താല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി സ്ഥാനത്തേക്കാകും തേജസ്വി ഉയരുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വീയാദവിന് ഇന്ന് 31 വയസ്സ് തികയുകയാണ്. വോട്ടെണ്ണല്‍ നാളെയാണെന്നിരിക്കെ ഇന്ന് ആഘോഷം വേണ്ടെന്ന വെച്ചിരിക്കുകയാണ് തേജസ്വീ. തന്റെ പാര്‍ട്ടിയായ ആര്‍ജെഡിയും കുടുംബവും നവംബര്‍ 10 ന് വിജയവും ജന്മദിനവും ഒരുമിച്ച ആഘോഷിക്കാനുള്ള തീരുമാനത്തിലാണ്.

എതിരാളിയായ നിതീഷ്‌കുമാര്‍ രാഷ്ട്രീയ ഗോദയിലെ പയ്യനെന്ന് അധിക്ഷേപിച്ച തേജസ്വിയ്ക്ക് തെരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമാണ്. വിജയം നേടാന്‍ കഠിനാദ്ധ്വാനം ചെയ്ത തേജസ്വീ ഒരു മാസം 250 റാലികളിലാണ് സംസ്ഥാനത്തുടനീളം പങ്കെടുത്തത്. ഒരു ദിവസം 19 റാലികളില്‍ വരെ പങ്കെടുത്ത് പുതിയ റെക്കോഡും അദ്ദേഹമിട്ടു. ഒക്‌ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളിലായിരുന്നു ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞത് ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം എന്‍ഡിഎയ്ക്ക് മുകളില്‍ വിജയം നേടുമെന്നാണ്. മൂന്ന് എക്‌സിറ്റ് പോളുകളും തേജസ്വീയാദവ് മുഖ്യമന്ത്രിയാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. എക്‌സിറ്റ്‌പോള്‍ ശരിയായാല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി തേജസ്വീയാദവ് മാറും.

243 അംഗ നിയമസഭയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട 122 സീറ്റുകള്‍ മഹാസഖ്യം നേടുമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആര്‍ജെഡി മാറുമെന്നും എക്‌സിറ്റ്‌പോളുകള്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഏറെക്കുറെ കൃത്യമായ പ്രവചനം നടത്തിയ ഇന്ത്യടുഡേ – ആക്‌സിസ് മൈ ഇന്ത്യാ പോള്‍ പറയുന്നത് ആര്‍ജെഡി നേതൃത്വം നല്‍കുന്ന സഖ്യം 139 മുതല്‍ 161 സീറ്റുകള്‍ വരെ നേടുമെന്നും എന്‍ഡിഎ സഖ്യം 69-91 വരെ സീറ്റുകള്‍ നേടുമെന്നുമാണ്. എബിപി – സി വോട്ടര്‍ സര്‍വേയുടെ പ്രവചനം 108 മുതല്‍ 131 സീറ്റുകള്‍ വരെ മഹാസഖ്യം നേടുമെന്നാണ്. നിതീഷിന്റെ കൂട്ടായ്മയ്ക്ക് ഇവര്‍ 104 മുതല്‍ 128 സീറ്റുകള്‍ വരെയാണ് പറയുന്നത്.

ചാണക്യ – സിഎന്‍എന്‍ ന്യൂസ് 18 പറയുന്നത് ഗ്രാന്റ് അലയന്‍സിന് 180 സീറ്റുകളാണ്. എന്‍ഡിഎയ്ക്ക് 55 സീറ്റുകളും മറ്റുള്ളവര്‍ക്ക് എട്ട് സീറ്റുകളും പ്രവചിക്കുന്നു. ബീഹാറിലെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടേയും ഇളയ മകനാണ് തേജസ്വീ യാദവ്. ക്രിക്കറ്റ് താരം കൂടിയായ തേജസ്വി 2008 – 2012 ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായിരുന്നു. എന്നാല്‍ ഒരു കളിയില്‍ പോലും ഇറക്കിയില്ല. തുടര്‍ന്ന് 2015 ലായിരുന്നു അദ്ദേഹം ക്രിക്കറ്റ് പിച്ചില്‍ നിന്നും കേറി രാഷ്ട്രീയത്തി​ന്റെ മൈതാനത്ത് ഇറങ്ങിയത്.

രാഘോപൂര്‍ സീറ്റില്‍ ആദ്യം മത്സരിച്ച തേജസ്വീ ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തില്‍ നിതീഷ്‌കുമാറിന് കീഴില്‍ മന്ത്രിസഭയില്‍ അരങ്ങേറി. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം നിതീഷ് സഖ്യത്തില്‍ നിന്നും വിട്ട് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് പുതിയ മന്ത്രിസഭ ഉണ്ടാക്കിയപ്പോള്‍ അവസാനിച്ചു. അതോടെ 2017 ല്‍ ബീഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മാറി. ഇത്തവണ മഹാഗദ് ബന്ധന്‍ സഖ്യത്തെ നയിക്കാനുള്ള ചുമതല തേജസ്വീയ്ക്കായിരുന്നു. ​തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തേജസ്വീ പങ്കെടുത്ത യോഗങ്ങളിലെല്ലാം കനത്ത ജനക്കൂട്ടം വരികയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top