×

മിന്നല്‍ പണിമുടക്ക് മര്യാദകെട്ട മനഃസാക്ഷിയില്ലാത്ത സമരം – – മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് സഹായം നല്‍കും – മന്ത്രി ; ബസുകള്‍ റോഡിലിട്ടിട്ടിട്ട് താക്കോല്‍ ഊരി മാറ്റി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാന്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമരത്തെ തുടര്‍ന്ന് മരിച്ച യാത്രക്കാരന്റെ വീടു സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി സമരക്കാരെ തള്ളിപ്പറഞ്ഞത്. . ടി. സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് മര്യാദകേടാണെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സമരത്തിന്റെ പേരില്‍ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് സത്യത്തില്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു.

കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്തുന്നതിന് വേണ്ടി ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റിപ്പോറ്റുകയാണിവരെ. ഇവര്‍ക്കെന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളതെന്നും മന്ത്രി ചോദിച്ചു. എന്തൊരു മര്യാദകേടാണിത്, ഇതിനെയാണ് അക്രമമെന്ന് പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. ഒരുകാരണവശാലും ഇതിനെ ന്യായീകരിക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല കര്‍ശനമായ നടപടികള്‍ ഈ അക്രമം കാണിച്ചവര്‍ക്കെതിരെ സ്വീകരിക്കേണ്ടതുണ്ട്. മിന്നല്‍ പണിമുടക്കിനെ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ പണിമുടക്കാണെന്ന് പറഞ്ഞ് വാഹനങ്ങള്‍ ദേശീയപാതയിലും മറ്റും ഗതാഗത തടസ്സമുണ്ടാക്കുന്നതരത്തില്‍ ഇടുകയെന്നതല്ല. വളരെ വലിയ അന്യായമാണ് നടന്നത്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഗവണ്‍മെന്റ് അത്തരത്തിലാണ് ഈ സംഭവത്തെ കാണുന്നത്.

സര്‍ക്കാര്‍ ഇടപെട്ടെങ്കിലും വാഹനങ്ങള്‍ മാറ്റാന്‍ സാധിച്ചില്ല. സമരക്കാര്‍ അതിന്റെ കീയും മറ്റും എടുത്തുകൊണ്ട് പോയിരിക്കുകയായിരുന്നു. മനഃസാക്ഷിയില്ലാത്ത സമരമായിരുന്നു ഇന്നലത്തേത്. ഈ അന്യായം വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു സമരത്തിനിടെ മരിച്ച ടി. സുരേന്ദ്രന്റെ കുടുംബത്തിന്റെ അവസ്ഥയും മന്ത്രി മാധ്യമങ്ങളോട് വിശദികരിച്ചു. ആകെയുള്ളത് പൈതൃകസ്വത്തായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയാണ്. അത് കൂടുംബത്തിന്റെ പൊതുസ്വത്താണ്. ഇത് പണയം വച്ചാണ് മകളുടെ വിവാഹം നടത്തിയത്.

ആ വസ്തുതന്നെ മറ്റൊരു ബന്ധുവിന് കൊടുത്താണ് ഇദ്ദേഹത്തിന്റെ ചികിത്സകളും മറ്റും നടത്തിയിരുന്നത്. ഇപ്പോഴിവര്‍ താമസിക്കുന്നത് മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ്. പ്രതിമാസം 5000 രൂപയോളം സുരേന്ദ്രന്റെ മരുന്നിന് വേണ്ടി മാത്രം വേണ്ടിയിരുന്നു. മൂന്നുതവണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായ വ്യക്തിയാണ് സുരേന്ദ്രനെന്നും മന്ത്രി പറഞ്ഞു. ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ കഴിഞ്ഞദിവസത്തെ സംഭവം കൂടിയായപ്പോള്‍ ഉണ്ടായ മാനസികാഘാതമുണ്ട്. കൂടാതെ ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞുള്ള നോട്ടീസും വന്നിരുന്നു. ഇതെല്ലാം കൂടിയുള്ള മാനസിക സംഘര്‍ഷമാണ് മരണത്തിന് കാരണമെന്ന് വേണം കരുതാനെന്നും മന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top