×

ബ്രേക്ക് ചവിട്ടാന്‍ പോലും ഡ്രൈവര്‍ക്ക് സമയം കിട്ടിയില്ല; കണ്ണുതുറന്നപ്പോള്‍ ഇരുട്ട് മാത്രം…എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍; രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നു

തിരുപ്പൂര്‍: ബ്രേക്ക് ചെയ്യാന്‍ പോലും ഡ്രൈവര്‍ക്ക് സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ പാഞ്ഞുവന്ന ലോറി ഇടിച്ചു കയറുകയായിരുന്നുവെന്ന് തിരുപ്പൂരില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി രാമചന്ദ്ര മേനോന്‍.ബസില്‍ പിന്നില്‍നിന്നു മൂന്നാമത്തെ നിരയിലാണ് രാമചന്ദ്ര മേനോന്‍ ഇരുന്നിരുന്നത്. വലതു വശത്തിരുന്നവരാണ് മരിച്ചത്. മറുവശത്തിരുന്നവര്‍ക്ക് നേരിയ പരിക്കാണ് സംഭവിച്ചത്.

തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന് രാമചന്ദ്ര മേനോന്‍ പറഞ്ഞു. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിര്‍ദിശയില്‍ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു. അതിന്റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസ് നല്ല വേഗത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടം നടക്കുമ്ബോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നുവെന്ന് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി പറഞ്ഞു.അപകടത്തിന് ശേഷം ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ സാധിക്കുമായിരുന്നില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ശ്രീലക്ഷ്മി പറഞ്ഞു. മുന്‍ഭാഗത്ത് കണ്ടക്ടര്‍ സീറ്റിന് സമീപമാണ് ഇരുന്നത്. ഉറങ്ങുന്നത് വരെ കണ്ടക്ടറും ആ സീറ്റിലുണ്ടായിരുന്നു. പിന്നെ സീറ്റ് മാറിയിരുന്നോയെന്ന് അറിയില്ല. അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചതായി ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും ഓര്‍മയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓര്‍മയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ആംബുലന്‍സില്‍ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച്‌ തന്നെ പ്രഥമ ശ്രുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറും മുന്‍വശത്തിരുന്ന കണ്ടക്ടറും തല്‍ക്ഷണം മരിച്ചു. എല്ലാ സീറ്റുകളും ഇളകിത്തെറിച്ചിട്ടുണ്ട്. 48പേരാണ് ബസിലുണ്ടായിരുന്നത്. 19പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ പതിനൊന്നു പേരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ തിരിപ്പൂര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.

രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്‌ആര്‍ടിസി ആര്‍എസ് 784 നമ്ബര്‍ ബെംഗലൂരു- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.25 നാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. എറണാകുളം റജിസ്‌ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്ബത്തൂര്‍-സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ടൈലുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top