×

സുപ്രീം കോടതി വിധി നടപ്പായി; വെട്ടിത്തറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു

വെട്ടിത്തറ മിഖായേല്‍ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി. ഓര്‍ത്തഡോക്‌സ് വിഭാഗം, പള്ളിയില്‍ പ്രവേശിച്ച്‌ ഇടവക സഹ വികാരി സിബി മാത്യുവിന്റെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന നടത്തി. വികാരിയുടെ നേതൃത്വത്തിലായിരുന്നു പള്ളി പ്രവേശനം. യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനിന്നിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് പൊലീസ് ഏറ്റെടുത്തത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്‌ നേരത്തെ ഓര്‍ത്തഡോക്‌സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല.

കഴിഞ്ഞദിവസം പള്ളിക്കുള്ളില്‍ പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ പൊലീസ് ഇടപെട്ട് നീക്കിയ ശേഷമാണ് പള്ളി നിയന്ത്രണം പൊലീസ് ഏറ്റെടുത്തത്. പിന്നാലെ കോതമംഗലം പൊലീസ് ഇന്നലെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരിക്ക് കൈമാറി. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്ന് പള്ളിയില്‍ പ്രവേശിച്ചു.

അതേസമയം സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 1934- ലെ മലങ്കര സഭ ഭരണഘടനപ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

വിധിപ്രകാരം പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ സഭക്ക് കൈമാറി വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചുണ്ട്. സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ കത്തു നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top