×

പുറപ്പുഴ ആശുപത്രിയെ ആര് ചികിത്സിക്കും ? 26 ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം 14 ലക്ഷം രൂപ- എന്നിട്ടും എന്താ ഇങ്ങനെ.? .

പുറപ്പുഴ :  കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായ പുറപ്പുഴ ആശുപത്രിയില്‍ കെടുകാര്യസ്ഥതയ്‌ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
മലയോര മേഖലയിലും പിന്നോക്ക മേഖലയിലും ജീവിക്കുന്ന പാവപ്പെട്ട  രോഗികളാണ് ഈ ആശുപത്രിയെ ശരണം പ്രാപിക്കുന്നത്. പുറപ്പുഴ പഞ്ചായത്തിലെ മാത്രമല്ല കുണിഞ്ഞി, കൊടുകുത്തി, ഇരുട്ടുതോട്, വള്ളിക്കെട്ട്, ശാന്തിഗിരി, വെള്ളംനീക്കിപ്പാറ, കണ്ണാടികണ്ടം, തുടങ്ങിയ മേഖലയിലെ കോളനിനിവാസികള്‍ അടക്കമുള്ള സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആതുരാലയം.
സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്റ്റാഫ് സ്ട്രങ്ങ്തില്‍ രണ്ട് അറ്റന്‍ഡര്‍മാരില്‍ ഒരു അറ്റന്‍ഡറുടെ ഒഴിവ് മാത്രമാണ് നിലവിലുള്ളത്. നിലവില്‍ 26 ജീവനക്കാര്‍ ഇവിടുത്തെ ഹാജര്‍ബുക്കില്‍ ഒപ്പിടുന്നുണ്ട്. എന്നിട്ടും ചിലരുടെ പിടിവാശിയാണ് ഒ പി സമയം വൈകിട്ട് 6 മണിവരെ ആക്കുന്നതിനോ കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിനോ ബ്ലോക്ക് പഞ്ചായത്ത് അധികാരികളോ മെഡിക്കല്‍ ഓഫീസറോ തയ്യാറാവകത്തതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. .
രോഗികളെ കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസ സൗകര്യത്തിനായി 11 ക്വാര്‍ട്ടേഴ്‌സുകള്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാര്‍ ആരും തന്നെ ഇവിടെ താമസിക്കുന്നില്ല. ലാബ് ടെക്‌നീഷ്യന്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ഫാര്‍മസിസ്റ്റ ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രമാണ് ക്വാര്‍ട്ടേഴസുകളില്‍ താമസിക്കുന്നത്.
എക്‌സ് റേ, ലേബര്‍ റൂം, ആംബുലന്‍സ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ടി ആശുപത്രിയില്‍ ഉണ്ടായിരുന്നതായി വിവരവകാശ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.
ടി ആശുപത്രിയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്റ്റാഫ് സ്‌ട്രെങ്ങതില്‍ ഒരു അറ്റന്‍ഡറുടെ ഒഴിവ് മാത്രമേ നിലവിലുള്ളൂ. നാല് ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്‌സ്- 2, നഴ്‌സിംഗ് അസിസ്റ്റന്റ്- 1, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍- 1, ലാബ് ടെക്‌നീഷന്‍ -2 , ഒപ്‌റ്റോമെട്രിസ്റ്റ് – 1, ഓഫീസ് അറ്റന്‍ഡര്‍, -1 ക്ലാര്‍ക്ക് – 1, ഡ്രൈവര്‍- 1, സീനിയര്‍ ക്ലര്‍ക്ക് – 1, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ – 2, എന്നിവര്‍ അടക്കം 26 ജീവനക്കാരാണ് ഈ ആശുപത്രിയില്‍ ഉള്ളത്. ശമ്പള ഇനത്തില്‍  14 ലക്ഷം രൂപയിലേറെയാണ് പ്രതിമാസം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ജീവനക്കാര്‍ കൈപ്പറ്റുന്നത്.
കിടത്തി ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കെട്ടിടങ്ങളും ബെഡുകളും ടോയിലറ്റുകളും ഇവിടെയുണ്ട്. നാല് ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നുണ്ടെങ്കിലും നാളിതുവരെയായിട്ടും കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കൂടാതെ ഒ പി സമയം ആറുമണിവരെയെങ്കിലും നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് വിധവകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍.
വഴിത്തലയിലും കരിങ്കുന്നത്തുമുള്ള സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടിയാണ് അധികാരികള്‍ ഇത്തരത്തില്‍ കെടുകാര്യസ്ഥതയോടെ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മഴക്കാല രോഗങ്ങള്‍ ആരംഭിച്ചതോടെ നൂറ് കണക്കിനാളുകളാണ് ഈ ആതുരാലയത്തില്‍ എത്തിച്ചേരുന്നത്.
കിടത്തി ചികിത്സ പുനരാരംഭിക്കുക, ഒ പി സമയം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശുപത്രിക്ക് മുമ്പിലും ഡിഎംഒ ഓഫീസിന് മുമ്പിലും പ്രക്ഷോഭ സമരങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top