×

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടു ; ഐഎസിന് വേണ്ടി രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നും എന്‍ഐഎ

കൊച്ചി: പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ചാവേറാകാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയായ, സിറിയയിലുള്ള ഐഎസ് കമാന്‍ഡര്‍ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശപ്രകാരം കേരളത്തില്‍ പലയിടങ്ങളില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിന് വേണ്ട ഗ്രൂപ്പുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഗ്രൂപ്പുയോഗങ്ങളിലും, ഇതിനായി ആളുകളെ സംഘടിപ്പിച്ചതിലും പ്രധാനിയാണ് റിയാസ്. ചാവേര്‍ സ്‌ഫോടനമാണ് റിയാസ് ലക്ഷ്യമിട്ടത്. അതേസമയം ചാവേറാകാന്‍ മറ്റുള്ളവര്‍ താല്‍പ്പര്യക്കുറവ് അറിയിച്ചു. എന്നാല്‍ ചവേര്‍ സ്‌ഫോടനത്തിന് റിയാസ് തീരുമാനം എടുത്തിരുന്നു. ഇതിനിടെയാണ് റിയാസ് പിടിയിലാകുന്നതെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് എവിടെയൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തി, അതില്‍ പങ്കെടുത്തവര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. മാത്രമല്ല ഇവര്‍ എവിടെയൊക്കെ സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടതെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി റിയാസിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത്.

ശ്രീലങ്കന്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് സ്വദേശി റിയാസിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. അതിനിടെ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. രണ്ട് കാസര്‍കോട് സ്വദേശികളും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേര്‍ത്തത്. അബ്ദുള്‍ റാഷിദ്, അറാഫത്ത്, ഫൈസല്‍ എന്നിവരെയാണ് പുതുതായി പ്രതി ചേര്‍ത്തത്. റിയാസ് സംഘടിപ്പിച്ച യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തു. എന്നാല്‍ ചാവേറാകാന്‍ ഇവര്‍ താല്‍പ്പര്യക്കുറവ് അറിയിച്ചുവെന്നുമാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top