×

വനിതാ മതിലിനോട് സഹകരിക്കാത്തവര്‍ എസ്‌എന്‍ഡിപിയില്‍ നിന്ന് പുറത്ത് ; നിലപാട് കടുപ്പിച്ച്‌ വെള്ളാപ്പള്ളി

ആലപ്പുഴ : വനിതാമതിലില്‍ നിലപാട് കടുപ്പിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്ക് എതിരെ സംഘടനാ നടപടി എടുക്കുമെന്ന് വെള്ളാപ്പള്ളി സൂചിപ്പിച്ചു. സംഘടനാ തീരുമാനത്തിന് ഒപ്പം നിക്കാത്തവര്‍ പുറത്താണ്. ഒപ്പമുള്ളവര്‍ ഇന്‍, അല്ലാത്തവര്‍ ഔട്ട് ആയിരിക്കും. ഇത് തുഷാറായാലും നടപടി ഉറപ്പാണെന്ന്, പേരെടുത്ത് പറഞ്ഞ് വെള്ളാപ്പള്ളി വ്യക്തമാക്കി.

വനിതാമതില്‍ വിജയിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കായി ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത എസ്‌എന്‍ഡിപി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയത്. 139 ഓളം യോഗം ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്.

ആലപ്പുഴയില്‍ എസ്‌എന്‍ഡിപി യോഗം വനിതാമതിലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ്. ഇത് വിജയിപ്പിക്കേണ്ടത് യോഗത്തിന്റെ കടമയാണ്. പത്തനംതിട്ടയില്‍ നിന്നുള്ള എസ്‌എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ വനിതാ മതിലിന്റെ ഭാഗമാകാനെത്തും. ഇതിനായി 40 ഓളം വാഹനങ്ങള്‍ ബുക്ക് ചെയ്തതായും യോഗത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

നിലവില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പാര്‍ട്ടി എന്‍ഡിഎയ്ക്ക് ഒപ്പമാണ്. എന്‍ഡിഎയാകട്ടെ വനിതാ മതിലിന് എതിരാണ് താനും. അതേസമയം എസ്‌എന്‍ഡിപി യോഗത്തിന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കാത്തവര്‍ക്കെതിരെ സംഘടനാനടപടി എടുക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ബിഡിജെഎസില്‍ ആശയക്കുഴപ്പത്തിനും ഇടയാക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top