×

മൂന്നാര്‍ ട്രിബ്യൂണല്‍ ഭൂമിപ്രശ്‌നം: മാണിയെ പിന്തുണച്ച്‌ സിപിഎം എംഎല്‍എ

തിരുവനന്തപുരം: മൂന്നാര്‍ സ്‌പെഷല്‍ ട്രിബ്യൂണല്‍ ആക്റ്റിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കെ.എം.മാണി എംഎല്‍എ സഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്റെ പിന്തുണ.

മൂന്നാറിന് പുറമെ, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവരട്ടി, ബൈസന്‍വാലി തുടങ്ങിയ മേഖലകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ എന്‍ഒസി വേണമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രേഖകളുമായെത്തുന്ന സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന രേഖകളുമായി എത്തിയാല്‍ തന്നെ കസ്തൂരിരംഗന്റെ അന്തിമ വിജ്ഞാപനം വരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

സ്വന്തം ഭൂമിയില്‍ കര്‍ഷകര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. റവന്യൂ ഉത്തരവിന്റെ പേരില്‍ സാധാരണക്കാരന് ഒറു വീട് വയ്ക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ഇത് അസഹനീയമാണെന്നും കെ.എം.മാണി കുറ്റപ്പെടുത്തി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച്‌ അത് നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല എന്ന ആരോപണവും അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചുകൊണ്ട് മാണി പറഞ്ഞു.

മാണിയുടെ ഈ വാദങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ സ്വീകരിച്ചത്. ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ ഈവന്റ് മാനേജ്‌മെന്റ് വഴി ഐഎഎസ് നേടിയവരാണ്. ഇവര്‍ എപ്പോഴും പ്രശ്‌നമുണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അറിയാതെ ചില ഉത്തരവുകള്‍ പുറത്തിറക്കുന്നുണ്ട്. ഇവ പിന്‍വലിക്കണമെന്നും രാജേന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇത് തന്നെയാണ് കെ.എം.മാണി പറയുന്നതെന്നാണ് താന്‍ കരുതുന്നതെന്നും രാജേന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി ആവശ്യമാണെന്ന നിര്‍ദേശം നീക്കണമെന്ന കെ.എം.മാണിയുടെ ആവശ്യം ഒരു യാതൊരു കാരണവശാലും നീക്കാന്‍ കഴിയില്ല. കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം എടുത്തത്. ഹൈക്കോടതിയും അത്തരമൊരു നിര്‍ദേശമാണ് സര്‍ക്കാരിന് നല്‍കിയത്. ഈ നിര്‍ദേശം പിന്‍വലിക്കുന്നത് കര്‍ഷക ദ്രോഹമാണെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു.

തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top