×

മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍  പൊലീസിന്റെ ഗുരുതര വീഴ്‌ച – പത്രപ്രവര്‍ത്തക യൂണിയന്‍

തൊടുപുഴ : ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ഭയമായി ജോലി നോക്കുന്നതിന്‌ അവസരമില്ലെന്നും ക്രിമിനലുകള്‍ പത്രസ്വാതന്ത്ര്യം കണക്കിലെടുക്കാതെ അക്രമിക്കുകയാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി.

പോലീസിന്റെ സാന്നിധ്യത്തിലടക്കമാണ്‌ അനിഷ്ട സംഭവങ്ങളുണ്ടാകുന്നത്‌. അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ്‌ സഹായം അഭ്യര്‍ത്ഥിച്ചാലും ലഭിക്കാറില്ല. ഇടുക്കി ജില്ലാ പോലീസ്‌ മേധാവിയെ നേരിട്ട്‌ ഫോണില്‍ ബന്ധപ്പെട്ടാല്‍ പോലും തികഞ്ഞ നിസംഗതയാണ്‌ പുലര്‍ത്തുന്നത്‌. ഒരിക്കല്‍ പോലും ഫോണ്‍ അറ്റന്റ്‌ ചെയ്യാറില്ല.
മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ കേസ്‌ ദുര്‍ബലപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമമാണ്‌ പോലീസിന്റെ ഭാഗത്ത്‌ നിന്നുള്ളത്‌. മിക്ക സംഭവങ്ങളിലും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്ക്‌ രക്ഷപെടാനുള്ള പഴുത്‌ ഒരുക്കുകയാണെന്നും യോഗം ആരോപിച്ചു.
ജില്ലയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന അവസരങ്ങളിലാണ്‌ അക്രമങ്ങള്‍ കൂടുതലുണ്ടാകുന്നത്‌. കയ്യേറ്റ മാഫിയാണ്‌ ഇതിന്‌ പിന്നിലെന്നും ഇതിന്‌ എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ട ചില നേതാക്കളുടെ ഒത്താശയുണ്ട്‌.
തിങ്കളാഴ്‌ച അടിമാലിയില്‍ അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധം റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ്‌ രണ്ട്‌ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായത്‌. സമരത്തില്‍ നുഴഞ്ഞുകയറിയ റിസോര്‍ട്ട്‌ മാഫിയ ഗുണ്ടകളാണ്‌ ഭൂമി കയ്യേറ്റങ്ങള്‍ പുറത്ത്‌ വരാതിരിക്കാന്‍ അക്രമം നടത്തിയത്‌. ഇവിടെ എസ്‌ ഐ യുടെ അടക്കം സാന്നിധ്യമുണ്ടായിരുന്നു.
ഭൂമി കയ്യേറ്റം അടക്കം ജില്ലയിലുണ്ടാകുന്ന സംഭവങ്ങള്‍ പൊതു സമൂഹത്തിലെത്തിക്കേണ്ടത്‌ മാധ്യമ പ്രവര്‍ത്തകരുടെ കര്‍ത്തവ്യമാണ്‌. അക്രമങ്ങളുടെയോ ഭീഷണിയുടേയോ പശ്ചാത്തലത്തില്‍ ഈ ചുമതലയില്‍ നിന്ന്‌ പി്‌ന്നോട്ട്‌ പോകാനാകില്ല.
ന്യായമായ ഭൂസമരങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ എതിരാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ കയ്യേറ്റ മാഫിയുമായി ബന്ധപ്പെട്ട്‌ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരാണ്‌ അക്രമങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ ഉറപ്പാക്കേണ്ടതും സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിന്‌ അവസരമൊരുക്കേണ്ടതും ജനാധിപത്യ ഭരണകൂടത്തിന്റെ കടമയാണ്‌. നിര്‍ഭാഗ്യവശാല്‍ ഇത്‌ നിര്‍വ്വഹിക്കപ്പെടാത്തതാണ്‌ പലപ്പോഴും നിരന്തരം ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക്‌ കാരണം. പോലീസിന്റെ ഗുരുതര വീഴ്‌ച ഇവിടെ എടുത്തു പറയേണ്ടതുണ്ടെന്ന്‌ യൂണിയന്‍ ചൂണ്ടിക്കാട്ടി.
അടിമാലിയിലുണ്ടായ അതിക്രമത്തെ യൂണിയന്‍ അപലപിച്ചു. മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ആല്‍വിന്‍ തോമസിനും ക്യാമറാമന്‍ വില്‍സണ്‍ കളരിക്കലിനും നേരേയാണ്‌ തിങ്കളാഴ്‌ച അക്രമം ഉണ്ടായത്‌. പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടത്‌ നിര്‍ഭാഗ്യകരമാണെന്നും കര്‍ശന നിയമ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച പ്രമേയം എക്‌സിക്യുട്ടീവ്‌ അംഗം വിനോദ്‌ കണ്ണോളി അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ വട്ടപ്പാറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എന്‍ സുരേഷ്‌, ജീവ്‌ ടോം മാത്യു, ജോണ്‍സണ്‍ വേങ്ങത്തടം, ഹാരീസ്‌ മുഹമ്മദ്‌, എസ്‌ വി രാജേഷ്‌, ബാസിത്‌ ഹസന്‍, റോണി ജോസഫ്‌, സി. സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top