×

കെജ്രിവാളിനെ പിന്തുണച്ച്‌ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ പ്രധാന മന്ത്രിയെ കണ്ടു

ന്യുഡല്‍ഹി; രാഷ്ട്രപതി ഭവനില്‍ സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച്‌ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ പ്രധാന മന്ത്രിയെ കണ്ടു.സമരത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച.ഡല്‍ഹിയില്‍ നീതി ആയോഗ് യോഗത്തിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി എന്നിവര്‍ മോദിയെ കണ്ടത്.

കൂടിക്കാഴ്ചയില്‍ കെജ്രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം നടത്തുന്ന കെജ്രിവാളിനെ കാണാന്‍ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ അവസരം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിമാര്‍ ഒരുമിച്ച്‌ കെജ്രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഇതിനുശേഷം ശനിയാഴ്ച രാത്രിയില്‍ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. മമത ബാനര്‍ജിയാണു പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. മോദിയുടെ മൂക്കിനു താഴെയുള്ള ഡല്‍ഹിയില്‍ ഒരാഴ്ചയായി തുടരുന്ന പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തയാള്‍ എങ്ങനെയാണ് രാജ്യത്തിനു സംരക്ഷണം നല്‍കുന്നതെന്ന് മമത ചോദിച്ചു.

കേജരിവാളിനെ കാണാന്‍ ലഫ്.ഗവര്‍ണറോട് അനുമതി തേടുന്നതിനു മുന്‍പ് നാലു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിലെ വൈരം മറികടന്നാണ് പിണറായി വിജയനും മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല.

ലഫ്. ഗവര്‍ണറുടെ ഔദ്യോഗിക ഓഫീസിലാണ് കേജരിവാളും മൂന്ന് മന്ത്രിമാരും സമരം നടത്തുന്നത്. ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നീ മന്ത്രിമാരും കെജ്രിവാളിനൊപ്പമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top