×

മോഹിപ്പിച്ച്‌ മാണി മടങ്ങി; മങ്ങലേറ്റത്‌ ഭരണ തുടര്‍ച്ചയ്‌ക്ക്‌

സി.പി.എമ്മിനെ അമ്ബരപ്പിച്ചുകൊണ്ടാണു കെ.എം. മാണി എതിര്‍പാളയത്തിലേക്ക്‌ ചേക്കേറുന്നത്‌. കോണ്‍ഗ്രസ്‌ നേതൃത്വവുമായി തെറ്റി യു.ഡി.എഫ്‌. വിട്ട മാണിയുടെ മനം ഇടതു മുന്നണിക്കൊപ്പമായിരുന്നെന്നു തിരിച്ചറിഞ്ഞായിരുന്നു സി.പി.എം. നീക്കങ്ങള്‍. സംസ്‌ഥാനത്ത്‌ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്‌ക്ക്‌ തന്ത്രങ്ങള്‍ മെനയുന്ന സി.പി.എം നേതൃത്വം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്തെ മുഖ്യപ്രചരണ വിഷയമായിരുന്ന ബാര്‍ കോഴ ആരോപണങ്ങള്‍ ഉപേക്ഷിച്ചു മാണിയേയും മൈക്രോഫിനാന്‍സ്‌ വിവാദങ്ങള്‍ മറന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും സ്വീകരിക്കാന്‍ തയാറായി.

പാര്‍ട്ടിക്കുള്ളില്‍ മുതിര്‍ന്ന നേതാവ്‌ വി.എസ്‌ അച്യുതാനന്ദനും മുന്നണിക്കുള്ളില്‍ സി.പി.ഐയുമായിരുന്ന ഇത്തരം നീക്കങ്ങള്‍ക്ക്‌ പ്രതിബന്ധം. മാണിയുടെ വരവിനെ തങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി കണ്ട സി.പി.ഐ. പല്ലും നഖവും ഉപയോഗിച്ച്‌ പ്രതിരോധിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ ആസന്നമായ വേളയിലും വോട്ടുതന്നാല്‍ വാങ്ങുന്നതില്‍ തെറ്റില്ലെന്നത്‌ മാത്രമായിരുന്നു സി.പി.ഐ നേതൃത്വത്തിന്റെ ഏറ്റവും മയപ്പെട്ട പ്രതികരണം. ഇടതിനൊപ്പമുള്ള കേരള കോണ്‍ഗ്രസ്‌ -ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ എന്നീ പാര്‍ട്ടികള്‍ക്കും മാണിയോടു മമത തീരെയില്ല. ഈ സാഹചര്യത്തില്‍ പരോക്ഷ പിന്തുണയല്ലാതെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുമ്ബായൊരു രാഷ്‌ട്രീയസഖ്യം സാധ്യമാകില്ലെന്ന വിലയിരുത്തല്‍ മാണി വിഭാഗത്തില്‍ ശക്‌തമാകുകയായിരുന്നു. ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ ശിഥിലമാക്കി, ബി.ജെ.പിക്കെതിരെ ശക്‌തമായ പ്രചാരണം അഴിച്ചുവിട്ട്‌ ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി പിടിച്ചെടുക്കുകയെന്നതാണ്‌ സി.പി.എമ്മിന്റെ തന്ത്രങ്ങളിലൊന്ന്‌. സംവരണം ഉള്‍പ്പടെയുള്ള വിഷയങ്ങളിലൂടെ ഭൂരിപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ ഉന്നമിടുന്നത്‌ മറ്റൊരു തന്ത്രം. എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്‌താവനയും ഈ നീക്കത്തിന്റെ ഗുണഫലമായാണ്‌ വിലയിരുത്തപ്പെട്ടത്‌.
തങ്ങള്‍ക്ക്‌ സമാഹരിക്കാനാകുന്ന പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കുക. ശേഷിക്കുന്നവ എല്‍.ഡി.എഫ്‌, എന്‍.ഡി.എ തുടങ്ങിയവയ്‌ക്കായി വിഭജിച്ചുപോകുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ള ഈ പദ്ധതിയുടെ പരീക്ഷണത്തിന്‌ പരമ്ബരാഗതമായി കോണ്‍ഗ്രസ്‌ മേല്‍ക്കോയ്‌മയുള്ള ചെങ്ങന്നൂര്‍ തന്നെയാണ്‌ ഉചിതമെന്നും സി.പി.എം. കണക്കുകൂട്ടി.
മാണിയുടെ തിരിച്ചുപോക്ക്‌ ചെങ്ങന്നൂരില്‍ തിരിച്ചടിയാകില്ലെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്‌.

മുന്നണിയെ ശക്‌തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ സി.പി.ഐ തടസമായെന്ന ആക്ഷേപം സി.പി.എം നേതൃത്വത്തിനുണ്ടാകാം. മാണിയുടെ കെണിയില്‍ വീണ്‌ ബാര്‍ കോഴപോലെയുള്ള മുദ്രാവാക്യങ്ങള്‍ അടിയറവ്‌ വെച്ചന്നതാകും സി.പി.ഐ നേതൃത്വത്തിന്റെ മറുവാദം. സി.പി.എം – സി.പി.ഐ ബന്ധത്തില്‍ കുറച്ചുകാലത്തേക്കെങ്കിലും മാണി വില്ലനായി തുടരാന്‍ തന്നെയാണ്‌ സാധ്യത.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top