×

ക്ഷേമ പെന്‍ഷനുകള്‍ 3,000 രൂപയാക്കി ഉയര്‍ത്തും , ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരും , തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ

തിരുവനന്തപുരം: ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദ്ധാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 3,000 രൂപയാക്കി ഉയര്‍ത്തും, ക്ഷേമ കമ്മീഷന്‍ രൂപീകരിക്കും, പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000രൂപ നല്‍കും, എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ച് കിലോ അരി സൗജന്യമായി നല്‍കും, അര്‍ഹരായ അഞ്ച് ലക്ഷം പേര്‍ക്ക് വീട് തുടങ്ങിയവയാണ് പ്രധാന വാഗ്ദ്ധാനങ്ങള്‍.

കാരുണ്യ പദ്ധതി പുനരാരംഭിക്കും, നിയമന ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയാല്‍ നടപടി, 40 മുതല്‍ 60 വരെ പ്രായമുള്ളവര്‍ക്ക് പ്രത്യേക ആനുകൂല്യം, നെല്ല്- നാളികേര താങ്ങുവില കൂട്ടും, ലൈഫ് പദ്ധതി പരിഷ്‌കരിച്ച്‌ അഴിമതി മുക്തമാക്കും, പിരിച്ചുവിട്ട കെഎസ്‌ആര്‍ടിസി ജീവനക്കാരെ തിരിച്ചെടുക്കും, 700 രൂപ മിനിമം കൂലിയാക്കും,പോക്സോ അന്വേഷണത്തില്‍ വീഴ്ച പറ്റിയാല്‍ നടപടി, കൊവിഡ് കാരണം തൊഴില്‍ നഷ്ടമായവര്‍ക്ക് സഹായം നല്‍കും.

ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരും, പ്രത്യേക കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കും, രണ്ടു ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും, ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കും. ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഇന്ധന സബ്സിഡി നടപ്പാക്കും. പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രകടന പത്രിക.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

# 40 വയസ് മുതല്‍ 60 വയസുവരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും.

# സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ് അനുവദിക്കും.

#100% സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് പിഎസ് സിയുടെ സമ്ബൂര്‍ണ്ണ പരിഷ്‌കരണം നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരും.

#പി എസ് സി നിയമനങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപ്പോയിന്റ്മെന്റ് ഉപദേശ മെമ്മോകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.

# കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പടെയുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് ധനസഹായം ലഭ്യമാക്കും.

# കൊവിഡ് മൂലം പഠനം മുടങ്ങിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പുനരാംഭിക്കാന്‍ സഹായം ലഭ്യമാക്കും.

#നോ ബില്‍ ഹോസ്പിറ്റലുകള്‍ (No Bill Hospital): സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കും.

#കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 പ്രളയത്തിന് മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.

# പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നല്‍കിവരുന്ന എസ്.സി.പി./ ടി.എസ്.പി മാതൃകയില്‍ ഫിഷറീസ്, ആര്‍ട്ടിസാന്‍സ്, മണ്‍പാത്ര തൊഴിലാളി സബ് പ്ലാന്‍ നടപ്പിലാക്കും.

# മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും.

# കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും.

# പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.

# സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും.

# ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങള്‍ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.

ഇത് ജനങ്ങളുടെ മാനിഫെസ്റ്റോ ആണെന്നും, യുഡിഎഫ് അധികാരത്തില്‍ വരുമ്ബോള്‍ പത്രികയില്‍ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്നും, അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാദ്ധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിന്റെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top