×

പൊതുസമൂഹത്തില്‍ എം എല്‍എയ്ക്ക്‌ ഇപ്പോള്‍ത്തന്നെ വേണ്ട ശിക്ഷകിട്ടി’ ; പികെ ശശിക്കെതിരായ മൊഴി മാറ്റണമെന്ന ആവശ്യവുമായി മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍ രം​ഗത്ത്,

പാലക്കാട്: പി.കെ. ശശി എംഎല്‍എക്കെതിരായ ലൈം​ഗിക പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴിമാറ്റിക്കാന്‍ ശ്രമം. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോ​ഗിച്ച അന്വേഷണ കമ്മിഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഈ ആവശ്യവുമായി പരാതിക്കാരിയായ യുവനേതാവിനെ കണ്ടത്. പൊതുസമൂഹത്തില്‍ എം എല്‍എയ്ക്ക്‌ ഇപ്പോള്‍ത്തന്നെ വേണ്ട ശിക്ഷകിട്ടി. അതിനാല്‍ പാര്‍ട്ടി തലത്തില്‍ കടുത്ത നടപടി ലഭിക്കാത്ത തരത്തില്‍ മൊഴിയില്‍ ചില മാറ്റം വരുത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ഒത്തുതീര്‍പ്പുശ്രമവുമായി 15-നാണ് ഉന്നതന്‍ യുവതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാവായ യുവതി അംഗീകരിച്ചില്ലെന്നാണ് സൂചന. സെപ്റ്റംബര്‍ 14-ന് പരാതിക്കാരി അന്വേഷണക്കമ്മിഷന് മുമ്ബാകെ കൊടുത്ത മൊഴി ശക്തമാണ്. ഈ മൊഴിയുമായി മുന്നോട്ടുപോയി അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കടുത്തനടപടി എടുക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് തീവ്രശ്രമം നടക്കുന്നത്. പാര്‍ട്ടിയില്‍ ഔദ്യോ​ഗിക പക്ഷത്തിന്റെ അടുത്ത ആളാണ് പികെ ശശി. ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ. ശശിയെ ഏരിയാതലത്തിലേക്ക് തരംതാഴ്ത്തി നടപടി ഒതുക്കിത്തീര്‍ക്കാനും ഒരുവിഭാഗം ശ്രമം നടത്തുന്നുണ്ട്.

പാര്‍ട്ടിയില്‍ വിശ്വാസമാണെന്ന് പറഞ്ഞ യുവതി, പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. അതിനിടെ, വിഷയത്തില്‍ നാലുപേരുടെ മൊഴി പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷന്‍ തിങ്കളാഴ്ച എടുക്കുമെന്ന് സൂചനയുണ്ട്. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗങ്ങളായ രണ്ടുപേരില്‍നിന്നും കാഞ്ഞിരപ്പുഴയിലെ രണ്ട് സി.പി.എം. പ്രാദേശിക നേതാക്കളില്‍നിന്നുമാണ് മൊഴിയെടുക്കുകയെന്ന് അറിയുന്നു. ഡി.വൈ.എഫ്.ഐ. നേതാക്കളെപ്പറ്റി യുവതി പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ പരാതിക്ക് അനുകൂലമായ സാക്ഷിമൊഴികളാവും ഇവരില്‍നിന്നുണ്ടാകുക.

പി.കെ. ശശി നല്‍കിയ വിശദീകരണവുമായി ബന്ധപ്പെട്ടാണ് മറ്റ് രണ്ടുപേരില്‍നിന്ന് മൊഴിയെടുക്കുക. ഇവര്‍ ശശിയെ പിന്തുണച്ചേക്കുമെന്നാണ് സൂചന. ശബ്ദരേഖയുള്‍പ്പെടെ ശക്തമായ തെളിവുകള്‍ പക്കലുള്ള സാഹചര്യത്തില്‍ യുവതിക്ക് യോജിപ്പില്ലാത്ത ഒരു നടപടിയെടുക്കുക അത്ര എളുപ്പമല്ല. ഇത് പുറത്തുവന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് പാര്‍ട്ടിക്ക് ദോഷകരമാകുമെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയനീക്കം സജീവമായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top