×

എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് എസ്‌ഐ വര്‍ഗ്ഗീസിനെ സ്ഥലംമാറ്റി

ഇടുക്കി : സിപിഎം എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് 24 മണിക്കൂറിനകം എസ്‌ഐയെ സ്ഥലംമാറ്റി. മൂന്നാര്‍ എസ്‌ഐ പി ജെ വര്‍ഗ്ഗീസിനെയാണ് കട്ടപ്പനയിലേക്ക് മാറ്റിയത്. സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന ആക്ഷേപം ഉയര്‍ന്നു. മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി ആക്രമിച്ച സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ദേവികുളം തഹസില്‍ദാര്‍ ഷാജി എന്നിവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

അതേസമയം സ്ഥലംമാറ്റം ശിക്ഷാ നടപടി അല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സ്ഥലംമാറ്റത്തിന് എസ്‌ഐ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടിരുന്നു എന്നും, അത് പരിഗണിച്ചാണ് മാറ്റിയതെന്നുമാണ് വിശദീകരണം. എന്നാല്‍ സ്ഥലംമാറ്റം ശിക്ഷാ നടപടിയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. മൂന്നാര്‍ എസ്‌ആയി പി ജെ വര്‍ഗ്ഗീസ് എട്ടുമാസം മുമ്ബ് മാത്രമാണ് ചുമതലയേറ്റത്. ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്ബ് കട്ടപ്പനയിലേക്ക് മാറ്റാന്‍ അടിയന്തര സാഹചര്യം ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ സ്പെഷല്‍ ട്രൈബ്യൂണല്‍ കോടതി ഒഴിഞ്ഞുകൊടുക്കണമെന്നും, കോളേജിന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണം എന്നുമാവശ്യപ്പെട്ടാണ് എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ തഹസില്‍ദാറും സിപിഎം പ്രവര്‍ത്തകരും കോടതിയില്‍ അതിക്രമിച്ച്‌ കയറിയത്. സംഘം കെട്ടിടത്തിന്റെ പൂട്ട് പൊളിക്കുകയും, ഓഫീസ് സാധനങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചു. ചില സിപിഎം പ്രവര്‍ത്തകര്‍ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ജീവനക്കാര്‍ പരാതി നല്‍കി.

എന്നാല്‍ ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ആഭ്യന്തര വകുപ്പും ജില്ലാ കളക്ടറും നേരിട്ട് ഇടപെട്ടതോടെയാണ് എംഎല്‍എ, തഹസില്‍ദാര്‍ തുടങ്ങിയ സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതിക്രമിച്ച്‌ കയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മണ്ണിടിച്ചിലിനെ തുടര്‍ന്നു കെട്ടിടം തകര്‍ന്നതിനാല്‍ ഒരു മാസമായി മൂന്നാര്‍ ഗവ. കോളജില്‍ അധ്യയനം മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ കെട്ടിടം കോളജിന് വേണ്ടി വിട്ടു നല്‍കണം എന്നാവശ്യപ്പെട്ടാണ് എംഎല്‍എയും സംഘവും എത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top