×

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലെ ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലെ ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്. അവസാന ഓവര്‍ വരെ നാടകീയത നിറഞ്ഞു നിന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത മുംബൈ നാലു വിക്കറ്റു നഷ്ടത്തില്‍ 165 റണ്‍സ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഒരു പന്തു ബാക്കി നില്‍ക്കെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. 30 പന്തില്‍ ഏഴു സിക്‌സും മൂന്നു ബൗണ്ടറിയുമായി തകര്‍ത്തടിച്ച ബ്രാവോയുടെ ഇന്നിംഗ്‌സാണ് തോല്‍വിയുടെ വക്കില്‍ നിന്ന് ചെന്നൈയെ ജയത്തിലേക്കെത്തിച്ചത്. പരിക്കിനെ വകവയ്ക്കാതെ അവസാന വിക്കറ്റില്‍ ക്രീസിലെത്തിയ കേദാര്‍ ജാദവും (24) തന്റെ റോള്‍ ഭംഗിയാക്കി. സ്‌കോര്‍ മുംബൈ 165/4, ചെന്നൈ 169/9.

വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ചെന്നൈ ശ്രദ്ധയോടെയാണ് തുടങ്ങിയത്. അമ്പാട്ടി റായ്ഡുവും വെറ്ററന്‍ താരം ഷെയ്ന്‍ വാട്‌സണും ആദ്യ ഓവറുകളില്‍ ക്ഷമയോടെ ബാറ്റു വീശി. കൂറ്റനടിക്കു ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളുമായാണ് ഇരുവരും ഇന്നിംഗ്‌സ് തുടങ്ങിയത്. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ചെന്നൈ സ്‌കോര്‍ 19. എന്നാല്‍ നാലാം ഓവറില്‍ വാട്‌സണ്‍ (16) പുറത്തായി. സുരേഷ് റെയ്‌നയും (4) തൊട്ടുപിന്നാലെ റായ്ഡുവും (22) തിരിച്ചുപോയതോടെ ചെന്നൈ പതറി. പ്രതീക്ഷകളുടെ ഭാരമായി വന്ന ക്യാപ്റ്റന്‍ ധോണിക്ക് യുവസ്പിന്നര്‍ മയങ്ക് മാര്‍കണ്ഡെയ്ക്ക് മുന്നില്‍ വീണു. അഞ്ചുപന്തില്‍ വെറും അഞ്ചു റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത മാര്‍കണ്ഡെ റണ്‍നിരക്ക് പിടിച്ചു നിര്‍ത്തിയതോടെ മുംബൈയുടെ ആധിപത്യത്തിലായി കളി. ഇതിനിടെ പേശിവലിവു മൂലം കേദാര്‍ ജാദവ് പാതിവഴിയില്‍ മടങ്ങുകയും ചെയ്തു.

എന്നാല്‍ ഡ്വെയ്ന്‍ ബ്രാവോ അവസാന നിമിഷം വെടിക്കെട്ട് നടത്തിയതോടെ ചെന്നൈ കളിയിലേക്ക് തിരിച്ചെത്തി. പത്തൊമ്പതാം ഓവറില്‍ മൂന്നു സിക്‌സറടക്കം 20 റണ്‍സടിച്ചെടുത്ത ബ്രാവോ പക്ഷേ അവസാന പന്തില്‍ ഔട്ടായതോടെ കളി വീണ്ടും ചൂടുപിടിച്ചു. എന്നാല്‍ അവസാന ഓവറില്‍ നാലും അഞ്ചും പന്ത് സിക്‌സറും ഫോറും പറത്തി ജാദവ് ചെന്നൈയ്ക്ക് ജയം സമ്മാനിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 7 റണ്‍സെത്തിയപ്പോള്‍ ഓപ്പണര്‍ ഇവിന്‍ ലൂയിസിനെ മുംബൈയ്ക്ക് നഷ്ടമായി. റണ്‍സെടുക്കും മുമ്പ് ദീപക് ചഹറാണ് ലൂയിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മ ഷെയ്ന്‍ വാട്‌സണിന്റെ പന്തില്‍ അമ്പാട്ടി റായുഡു പിടിച്ച് പുറത്തായി.എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷനും സൂര്യകുമാര്‍ യാദവും ടീമിനെ കരകയറ്റി. 10 ഓവര്‍ പിന്നിട്ടപ്പോള്‍ ഇരുവരും സ്‌കോറിംഗ് വേഗം കൂട്ടി. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി വാട്‌സണ്‍ കൂട്ടുകെട്ട് പൊളിച്ചു. 29 പന്തില്‍ 43 റണ്‍സായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം. 40 റണ്‍സെടുത്ത ഇഷന്‍ കിഷനെ ഇമ്രാന്‍ താഹിര്‍ പുറത്താക്കി.

പിന്നീട് സ്‌കോറിംഗിന്റെ ഉത്തരവാദിത്വം പാണ്ഡ്യ സഹോദരന്‍മാര്‍ ഏറ്റെടുത്തു. ഹാര്‍ദികിന് അല്‍പ്പം വേഗത കുറവായിരുന്നെങ്കില്‍ ക്രുനാല്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഹാര്‍ദിക് 22 റണ്‍സെടുത്തും ക്രുനാല്‍ 41 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ഷെയ്ന്‍ വാട്‌സണ്‍ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇമ്രാന്‍ താഹിറും ദീപക് ചഹറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top