×

2017ലെ യൂട്യൂബ് ട്രെന്‍ഡിങില്‍ ഷെറിലിന്റെ ജിമിക്കി കമ്മല്‍ രണ്ടാം സ്ഥാനത്ത്

2017 ല്‍ യൂട്യൂബില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോകളില്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ നടന്ന ജിമിക്കി കമ്മല്‍ ഡാന്‍സ് വീഡിയോ രണ്ടാംസ്ഥാനത്ത്.

യൂട്യൂബ് റിവൈന്‍ഡ് ഇന്ത്യയിലാണ് പോയ വര്‍ഷം യൂട്യൂബിലെ ടോപ്പ് ട്രെന്‍ഡിങ് വീഡിയോകളുടെ കൂട്ടത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊത്ത് കോളേജ് അധ്യാപികമാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ഇടം പിടിച്ചത്.

ലാല്‍ ജോസ് സിനിമയിലെ ജിമിക്കി കമ്മല്‍ ഗാനരംഗത്തേക്കാളും ശ്രദ്ധപിടിച്ചുപറ്റിയത് കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ഈ നൃത്ത പ്രകടനമാണ്. ഇതിന് നേതൃത്വം നല്‍കിയ കോളേജ് അധ്യാപികമാരായ ഷെറിലും അന്നയും താരങ്ങളാവുകയും ചെയ്തു.

തമിഴ്നാട്ടില്‍ നിന്നാണ് ഷെറിലിന്റേയും സംഘത്തിന്റെയും ഡാന്‍സ് വീഡിയോയ്ക്ക് ആരാധകര്‍ ഏറെയുണ്ടായത്. അതുകൊണ്ടു തന്നെയാണ് സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ ഷെറിലിനേയും അന്നയെയും ഉള്‍പ്പെടുത്തിയത്. ജിമിക്കികമ്മല്‍ വീഡിയോ ഹിറ്റായതോടെ നിരവധി തമിഴ് പരിപാടികളില്‍ അതിഥികളായും ഇരുവരും പങ്കെടുത്തിരുന്നു.

ഒരു മലയാള ഗാനം രാജ്യത്തുടനീളം വൈറലാവുന്നത് ഇതാദ്യമായാണ്. ഹിന്ദിയിലും മറ്റ് ഭാഷകളിലും ജിമിക്കി കമ്മലിന് റീമേക്കുകളുണ്ടായി അടുത്തിടെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ വരെ ജിമിക്കി കമ്മലിനെ പ്രശംസിച്ച്‌ രംഗത്ത് വന്നിരുന്നു.

ബിബി കി വൈന്‍സിന്റെ ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോ ആണ് ഒന്നാമത്. 2017 ലെ ടോപ്പ് ട്രെന്‍ഡിങ് വീഡിയോകളെ കൂടാതെ ടോപ് ട്രെന്‍ഡിങ് മ്യൂസിക് വീഡിയോകളും ആഗോളതലത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള വീഡിയോകളും യൂട്യൂബ് റിവൈന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top