×

മുസ്ലിമായതിനാല്‍ വിമാന യാത്രക്കാരനെ ഇറക്കിവിട്ടു; അമേരിക്കയില്‍ വിവാദം

വാഷിങ്ടന്‍ • മുസ്ലിം വിമാന യാത്രക്കാരനോട് അമേരിക്കയില്‍ വിവേചനം കാണിച്ചുവെന്നു പരാതി. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) പരാതി നല്‍കി. കഴിഞ്ഞ ഡിസംബര്‍ ആറിനാണു സംഭവം.

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് അഹമ്മദ് റദ്വാനാണ് മുസ്ലിമായതിനാല്‍ വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നത്. കെമിക്കല്‍ എന്‍ജിനീയറായ റദ്വാന്‍ തന്റെ സീറ്റില്‍ ഇരുന്നുകഴിഞ്ഞപ്പോള്‍ വിമാന ജീവനക്കാരി മൂന്നുതവണ ഉറക്കെ പേരുവിളിക്കുകയും ‘താങ്കളെ ഞാന്‍ നിരീക്ഷിക്കുന്നതായിരിക്കും’ എന്നു പ്രഖ്യാപിക്കുകയും ചെയ്തു.

‘ഞാന്‍ ഞെട്ടിപ്പോയി. 30 വര്‍ഷത്തോളമായി വിമാനത്തില്‍ യാത്ര ചെയ്യുന്നയാളാണു ഞാന്‍. ആദ്യമായാണ് ഇത്തരമൊരു അനുഭവം. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്നു ചോദിച്ചപ്പോള്‍ വളരെ സെന്‍സിറ്റീവാണു വിഷയം എന്നു പറഞ്ഞ് അവര്‍ നടന്നുപോയി’ റദ്വാന്‍ പറഞ്ഞു. റദ്വാന് വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നു. മറ്റൊരു വിമാനത്തില്‍ സീറ്റു സംഘടിപ്പിച്ചാണു യാത്ര തുടര്‍ന്നത്.

ഇതുമൂലം ധനനഷ്ടമുണ്ടായതിനു പുറമേ യാത്രാ പരിപാടികള്‍ താളംതെറ്റുകയും ചെയ്തു. ‘ഒരു ഭീകരവാദിയെപ്പോലെ കൈകാര്യം ചെയ്തതിന്റെ അസ്വസ്ഥത വേറെ. 13 വര്‍ഷമായി അമേരിക്കന്‍ പൗരനായി ജീവിക്കുന്ന എനിക്ക് ആ വ്യക്തിത്വം ചോര്‍ന്നുപോകുന്നതായി തോന്നി’-റദ്വാന്‍ പറഞ്ഞു. യാത്രക്കാരന്റെ അറബി, മുസ്ലിം പേരാണ് ഒഴിവാക്കാന്‍ കാരണമെന്നു ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അധികാരികള്‍ക്കു ‘കെയര്‍’ നല്‍കിയ പരാതിയില്‍ പറയുന്നു.

മതം, കുടുംബ പശ്ചാത്തലം, ദേശീയത എന്നിവയുടെ പേരില്‍ വിവേചനം കാണിക്കാന്‍ പാടില്ല എന്നാണ് അമേരിക്കന്‍ നിയമം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top