×

മലക്കംമറിഞ്ഞ് ബിജെപി, വിശ്വാസികള്‍ക്കൊപ്പം സമരത്തിന് ഇറങ്ങുമെന്ന് ശ്രീധരന്‍പിളള

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ നിലപാട് മാറ്റി ബിജെപി . ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നയം തിരുത്തിക്കാന്‍ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള പറഞ്ഞു. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും സമരത്തിനു നേതൃത്വം നല്‍കും. വിശ്വാസം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ശ്രീധരന്‍പിളള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കും. വിശ്വാസികള്‍ക്ക് ഒപ്പം സമരത്തിനുണ്ടാകും. വിശ്വാസം സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി ബിജെപി വിശ്വാസികള്‍ക്ക് ഒപ്പമുണ്ടാകും. ശബരിമലയില്‍ പോകുന്ന കമ്യൂണിസ്റ്റുകാരെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോടതി വിധി മുന്‍നിര്‍ത്തി ശബരിമലയെ തകര്‍ക്കാനുള്ള കുത്സിത ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സര്‍ക്കാരിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

സ്ത്രീപ്രവേശനത്തെ നേരത്തേ മുതല്‍ ആര്‍എസ്‌എസ് ദേശീയതലത്തില്‍ പിന്തുണച്ചുവരുന്നതിനാല്‍ കേരളത്തിലെ ബിജെപി കടുത്ത നിലപാട് എടുത്തിരുന്നില്ല. ഇതു പാര്‍ട്ടി അണികളില്‍ വ്യാപക അതൃപ്തിക്ക് ഇടയായെന്ന നിഗമനത്തിലാണ് സമരത്തിനൊരുങ്ങാന്‍ ബിജെപി തീരുമാനിച്ചത്. മഹിളാമോര്‍ച്ചയും വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും വിധിക്കെതിരാണ്. ശബരിമല വിഷയത്തില്‍ ചില ഹിന്ദു സംഘടനകളുടെ മൗനം ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top