×

ഇപ്പോള്‍ ബോധ്യമായില്ലേ? ഇനിയെങ്കിലും ഈ കുറിയൊക്കെ മായ്ച്ച്‌ നോക്ക്’; വിജയകുമാറിനോട് കെ സുരേന്ദ്രന്‍

കൊച്ചി: കേരളം ഒരു മതേതര സംസ്ഥാനമാണെന്ന് ഇപ്പോള്‍ ബോധ്യമായില്ലേയെന്ന് ഡി വിജയകുമാറിനോട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ പരിഹാസം. നെറ്റിയില്‍ ഗണപതിഹോമം കഴിച്ച കറുത്ത കുറിയും അയ്യപ്പസേവാസംഘത്തിന്റെ ഭാരവാഹിത്വവുമൊക്കെ ഒരു കോണ്‍ഗ്രസ്സുകാരന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് താങ്കള്‍ക്ക് ബോധ്യമായില്ലേയെന്നും, ഇനിയെങ്കിലും ഈ കുറിയൊക്കെ മായ്ച് അയ്യപ്പനെയൊക്കെ വിട്ട് ഒരു മതേതരനാവാന്‍ നോക്കെന്നും വിജയകുമാറിനോട് സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇങ്ങനെ വിലപിക്കുന്നതില്‍ ഒരു കാര്യവുമില്ല. നെറ്റിയില്‍ ഗണപതിഹോമം കഴിച്ച കറുത്ത കുറിയും അയ്യപ്പസേവാസംഘത്തിന്റെ ഭാരവാഹിത്വവുമൊക്കെ ഒരു കോണ്‍ഗ്രസ്സുകാരന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് താങ്കള്‍ക്ക് ബോധ്യമായില്ലേ? പരാജയത്തിന്റെ പ്രധാന കാരണം പുറത്തുപറയാന്‍ പറ്റില്ലെന്ന് അങ്ങുപറഞ്ഞെങ്കിലും നാട്ടുകാര്‍ക്ക് അതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട്. കേരളം ഒരു മതേതര സംസ്ഥാനമാണെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ.

യുഡിഎഫ് അനുകൂല ബൂത്തുകളിലെ വോട്ടൊക്കെ കൃത്യമായി പരിശോധിച്ചില്ലേ. ആരൊക്കെയാണ് കൂടുവിട്ട് കൂടുമാറിയതെന്നും മനസ്സിലായല്ലോ. ഇനിയെങ്കിലും ഈ കുറിയൊക്കെ മായ്ച് അയ്യപ്പനെയൊക്കെ വിട്ട് ഒരു മതേതരനാവാന്‍ നോക്ക്. കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലായതുകൊണ്ട് രക്ഷപ്പെട്ടു. മലബാറിലോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഗതി കണ്ടില്ലേ. പാല വീണ ചെകുത്താനെപ്പോലെ തെക്കുവടക്ക് നടക്കുന്നത്. രമേശന്‍ നായര്‍ക്കും വരാന്‍ പോകുന്ന ഗതി ഇതു തന്നെ. മതേതര കേരളം സുന്ദര കേരളം, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top