×

വരാപ്പുഴയില്‍ കസ്റ്റഡിമര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് കാവിമുണ്ടുടുത്ത് മഫ്ത്തിയിലെത്തിയ മൂവാറ്റുപുഴയിലെ ടൈഗര്‍ ഫോഴ്‌സെന്ന് രമേശ് ചെന്നിത്തല.

ഒരു വ്യക്തിയെ രാത്രിയില്‍ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദപോലും പുലര്‍ത്താതെയാണ് പോലീസ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. രാത്രികാലങ്ങലില്‍ അറസ്റ്റ് വരിക്കുമ്പോള്‍ സി.ഐ അല്ലെങ്കില്‍ ഡി.വൈ.എസ്പി റാങ്കിലുള്ളവരുടെ സാന്നിധ്യമുണ്ടാകണമെന്ന ചട്ടം ശ്രീജിത്തിന്റെ അറസ്റ്റില്‍ നടപ്പായില്ലെന്നും അദ്ദേഹം തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീജിത്തിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ ക്രൂരമര്‍ദ്ദനമാണ് ഏറ്റുവാങ്ങിയത്. പോലീസ് മൊഴികള്‍ തുടര്‍ച്ചായി തിരുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സിറ്റിങ് ജില്ലാ ജഡ്ജിയുടെ നേത്യത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു. ശ്രിജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നുനീക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കാവിമുണ്ട് ഉടുത്തു മഫ്ടിയില്‍ വന്ന പോലീസ് ആണ് ഉറങ്ങിക്കിടന്ന ശ്രീജിത്തിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. രാത്രിയില്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

രാത്രിയില്‍ ഒരു വ്യക്തിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുമ്പോള്‍ സി ഐ അല്ലെങ്കില്‍ ഡിവൈഎസ് പി റാങ്കിലെ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യം ഉണ്ടാകണം. ഇത്തരം മാര്‍ഗ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വീട്ടില്‍ നിന്ന് തന്നെ മര്‍ദ്ദനം ആരംഭിച്ചു. റൂറല്‍ എസ് പിയുടെ കീഴിലുള്ള മൂവാറ്റുപുഴയിലെ ടൈഗര്‍ ഫോഴ്‌സ് വാരാപ്പുഴയില്‍ എത്തി നടപടി ക്രമങ്ങള്‍ തെറ്റിച്ച് എന്തിനു അറസ്റ്റ് ചെയ്തു?

മൊഴി തുടര്‍ച്ചയായി തിരുത്തപ്പെടുകയാണ്. പോലീസ് അടിച്ചു കൊന്നതിനെക്കുറിച്ചു പോലീസ് അന്വേഷിക്കുമെന്നാണ് പറയുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. സിറ്റിംഗ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലെ ജുഡീഷ്യല്‍ അന്വേഷണം ആണ് വേണ്ടത്.

ശ്രീജിത്തിന്റെ മരണത്തോടെ 25 കാരി വിധവയായി.പ്രായമുള്ള മാതാപിതാക്കള്‍ സങ്കടക്കടലിലാണ്. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.25 ലക്ഷം രൂപ ഈ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണം.നാടിനെ നടുക്കിയ ഈ ദുരന്തം നടന്നിട്ട് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വാ തുറന്നു ഒരക്ഷരം ഉരിയാടുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ശ്രീജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദിയാകളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും അവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയും വേണം.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പ്രതിചേര്‍ക്കാനുള്ള സിപിഎം നീക്കത്തിന്റെ ചുവട് പിടിച്ചു ആളുകളെ അറസ്റ്റ് ചെയ്ത്തിന്റെ ദുരന്തഫലമാണിത്.ആരെങ്കിലും പറയുന്നത് കേട്ടിട്ട് അതേക്കുറിച്ചു അന്വേഷിക്കാതെ രാത്രി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത പോലീസ് തുടര്‍ച്ചയായ നിയമലംഘനം ആണ് നടത്തിയത്. വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം മാത്രമാണ് ഏകമാര്‍ഗം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top