×

സുരേഷ് ഗോപി എംപിയുടെ വാഹനം തടഞ്ഞു

ചെങ്ങന്നൂരിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് സുരേഷ് ഗോപി ചെങ്ങന്നൂരിലെത്തിയത്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടു. തലസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഇതും പരിഗണിച്ചാണ് കെഎസ്ആര്‍ടിയോട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് നിര്‍ദേശിച്ചത്.

അതേസമയം കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനെ കൂടാതെ മറ്റു പല ദളിത് നേതാക്കളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.എസ് മുരളി, വി.എസ് ജെന്നി തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലുള്ളതിനാല്‍ പോലീസ് വന്‍ സുരക്ഷയാണ് ജില്ലയില്‍ ക്രമീകരിച്ചിരിക്കുന്നത്.

കോഴിക്കോട് സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസിയും നിരത്തിലറങ്ങി. അതേസമയം രാവിലെ സര്‍വീസ് നടത്തിയ പല സ്വകാര്യ ബസുകളും 8.30 നു മുമ്പ് സര്‍വീസ് നിര്‍ത്തിവച്ചു. ജില്ലയില്‍ പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

ഹര്‍ത്താല്‍ അനുകൂലികള്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും അടൂരും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയില്‍ സ്ഥിതിഗതികളില്‍ ശാന്തമാണ്. മലപ്പുറത്ത് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കെഎസ്ആര്‍ടിസി ചുരുക്കം ചില സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. നഗരത്തിലെ വ്യാപരസ്ഥാപനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ ബസുകള്‍ കോട്ടയത്ത് സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളും കാര്യമായി കോട്ടയത്ത് നിരത്തിലറിങ്ങുന്നില്ല.

കൊല്ലം ശാസ്താംകോട്ടയിലും തൃശൂര്‍ വലപ്പാടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.ആലപ്പുഴയിലും കടകള്‍ അടപ്പിക്കാനും ശ്രമമുണ്ടായി. പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top