×

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഇന്നു രാത്രി ഏഴിന് ചര്‍ച്ച നടത്താന്‍ കെ.ജി.എം.ഒ.എ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തിയിരുന്നു. നിവേദനവുമായാണ് ഡോക്ടര്‍മാര്‍ മന്ത്രിയുടെ ഓഫീസിലെത്തിയത്. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് ആരോഗ്യമന്ത്രി രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഐ.എം.എയുടെ ഇടപെടലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്. സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍മാര്‍ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷനുമായി സഹകരിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കി.

സര്‍ക്കാര്‍ തുടങ്ങിയ ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ ആറുവരെ സായാഹ്‌ന ഒ.പി ആവശ്യപ്പെട്ടതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഒ.പി നീട്ടിയതില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ ഒ.പിയില്‍ കയറാതെ അനശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കാതെ പ്രഖ്യാപിച്ച സമരം അംഗീകരിക്കാനാവില്ലെന്നും സമരം നിര്‍ത്തി വന്നാല്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ചര്‍ച്ചക്കെടുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച തുടങ്ങേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ മുട്ടുമടക്കി സമരം പിന്‍വലിച്ചത്.

പ്രധാന തീരുമാനങ്ങള്‍

1. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും
2. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും.
3. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.
4. രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
5. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും.
6. അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്‌പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കും
7. അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top