×

ലാവ്ലിന്‍: ഗൂഢാലോചനയിൽ പിണറായിയും

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതല്‍ ആരോപണവുമായി സി.ബി.ഐ. കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് കടുത്ത ആരോപണങ്ങളുള്ളത്.

കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്. ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കേസിന്റെ വിചാരണയെ സാരമായി ബാധിക്കും. അതിനാല്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്ലിന്‍ കേസ്. എന്നാല്‍, പിണറായി സാമ്ബത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇടപാടില്‍ പിണറായി വിജയന് സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top