×

നമ്മളിവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ പട്ടിണിയും ദാരിദ്ര്യവും എങ്ങനെ കാണാതെ പോകും;ക്രിസ്തുമസ് ആഘോഷിക്കാന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരിതബാധിതര്‍ക്ക് നല്‍കി മാതൃകകാട്ടി ഷീലാമ്മ

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷിക്കന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കി കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷന്‍ ശ്രേയസിലെ ഷീല ആന്റണി (87) മാതൃകകാട്ടി. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോടൊപ്പം സെക്രട്ടറിയേറ്റിലെത്തി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് അരലക്ഷം രൂപ കൈമാറി. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

കൊല്ലത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ് ഷീലാമ്മയെന്ന് വിളിക്കുന്ന ഷീല ആന്റണി. ഭര്‍ത്താവ് ഒ. ആന്റണി 17 വര്‍ഷം മുമ്പ് മരിച്ചിരുന്നു. മകന്‍ റോയ് ആന്റണി കൊല്ലത്തും മകള്‍ ഡോളി ജോസ് ആഫ്രിക്കയിലും ബിസിനസ് നടത്തുന്നു. ക്രിസ്തുമസ് അടിച്ച് പൊളിക്കാനായി ഈ മക്കള്‍ അമ്മയ്ക്ക് നല്‍കിയതാണ് അരലക്ഷം രൂപ. ഇത് ഷീലാമ്മയുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഓഖി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ദീനരോധനമാണ് ഓര്‍മ്മ വന്നത്. നമ്മളിവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ പട്ടിണിയും ദാരിദ്ര്യവും എങ്ങനെ കാണാതെ പോകും. എങ്ങനെ ഈതുക അവരില്‍ ഫലപ്രദമായി എത്തിക്കാമെന്ന് സുഹൃത്തും വനിത കമ്മീഷന്‍ അംഗവുമായ ഷാഹിദ കമാലിനോട് ചോദിച്ചു. മാധ്യമ ഫോട്ടോഗ്രാഫറായ റോണയും സഹായിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്തെത്തി സാമൂഹ്യ നീതി വകുപ്പുമന്ത്രിക്ക് തുക കൈമാറിയത്.

പൊതു പ്രവര്‍ത്തകനായ അച്ഛന്‍ ഒ. ആന്റണി പാവങ്ങളെ സഹായിക്കുന്നത് കണ്ടാണ് ഷീല ആന്റണി വളര്‍ന്നത്. 5,000 ത്തോളം വിധവകള്‍ ഉള്ള സംഘടനയുടെ പ്രസിഡന്റാണ് ഷീല ആന്റണി. ഈ വിധവകളുടെ മക്കളായ 15 പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തു. 17 വിദ്യാര്‍ത്ഥിനികള്‍ക്ക് എഞ്ചിനീയറിംഗ്, എം.ബി.എ. ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നല്‍കി. ഇപ്പോള്‍ 13 പേരെ പഠിപ്പിക്കുന്നു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്ന ട്രാക്കിലെ ആജീവാനാന്ത അംഗമാണ്. വിമണ്‍ കൗണ്‍സില്‍ അംഗം, ഇന്നര്‍ വീല്‍സ് ക്ലബ്ബ്, കാത്തലിക് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയിലും അംഗത്വമുണ്ട്. ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഒന്ന് ചെയ്താല്‍ അതിന്റെ ഫലം പത്തായി കിട്ടുമെന്നാണ് ഷീലാമ്മ വിശ്വസിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top